പി.എ. സുബൈർ
കൊച്ചി: നടി ആക്രമണക്കേസിലെ വിചാരണ നീളാൻ പ്രതികളിലൊരാളായ നടൻ ദിലീപാണ് പ്രധാന കാരണക്കാരനെങ്കിലും ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം കിട്ടാനിടയായതിൽ പ്രോസിക്യൂഷനും മറുപടി പറയേണ്ടിവരും. അത്യപൂർവമായ ക്വട്ടേഷൻ ബലാത്സംഗ കേസിൽ പ്രധാന പ്രതിയുടെ ജാമ്യം തടയുന്ന കാര്യത്തിൽ പരാജയമായെന്ന പഴിയാണ് പ്രോസിക്യൂഷന് നേരെയുണ്ടാവുക. പൾസർ സുനി പുറത്തിറങ്ങുന്നത് കേസിന്റെ വിശ്വാസ്യത തകർക്കുന്ന തന്ത്രങ്ങൾക്ക് കളമൊരുക്കാൻ ഇടയാകുമെന്ന ആശങ്ക പ്രോസിക്യൂഷനെ അലട്ടുന്നുമുണ്ട്. ഏഴര വർഷമായിട്ടും വിചാരണ നടപടി പൂർത്തീകരിക്കാത്തതിന്റെ ആനുകൂല്യത്തിലാണ് സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ 87 ദിവസത്തോളം നീണ്ട വിസ്താരമടക്കം ചൂണ്ടിക്കാട്ടി വിചാരണ വൈകിപ്പിച്ച വിചാരണക്കോടതി നടപടികളെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു വിസ്താരം തടയാതിരുന്ന പ്രോസിക്യൂഷനും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറാനാവില്ല.
കേസിന്റെ തുടക്കംമുതൽ വിവിധ ആവശ്യങ്ങളുമായി എട്ടാംപ്രതി ദിലീപ് കോടതിയെ സമീപിക്കുന്നത് പതിവാണ്. നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലും പ്രതികൾ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലും വിചാരണക്കോടതി ഒരുമിച്ച് കുറ്റം ചുമത്തിയത് ചോദ്യംചെയ്ത് ദിലീപ് ഹരജി നൽകിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു മറ്റൊരു ഹരജി. കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2020ൽ ദിലീപ് ഹരജിയുമായി കോടതികളെ സമീപിച്ചു. പിന്നീട് വിചാരണക്ക് വനിത ജഡ്ജി വേണമെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെ ഹരജിയെ എതിർത്ത് പൾസർ സുനിയും ദിലീപും കോടതിയിലെത്തി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും പൾസർ സുനി ഹൈകോടതിയിൽ നൽകിയ ജാമ്യഹരജിയോടൊപ്പം ഹാജരാക്കിയ രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടും ദിലീപ് ഹരജിയുമായെത്തി. ഇതിനിടെ കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നൽകി. ദിലീപിന്റെ ഹരജികൾ വിചാരണ നടപടികളെ നിരന്തരം ബാധിക്കുന്നതിനിടെയാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവങ്ങൾ ചൂണ്ടിക്കാട്ടി അതിജീവിത രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് കൈമാറാൻ സിംഗിൾബെഞ്ച് ഉത്തരവുണ്ടായി. ഈ ഉത്തരവ് ചോദ്യംചെയ്തും റിപ്പോർട്ടിലെ സാക്ഷി മൊഴികളുടെ പകർപ്പ് തേടിയും ദിലീപ് ഹരജി നൽകി. കേസ് വൈകിപ്പിക്കാൻ ദിലീപ് നിരന്തരം ഹരജികൾ നൽകുന്നുവെന്ന വാദം കോടതികളിൽ ഉന്നയിക്കാറുണ്ടെങ്കിലും നിർണായക സന്ദർഭത്തിൽ സുപ്രീംകോടതിയെ ഇത് പൂർണമായും ബോധ്യപ്പെടുത്താനാകാതിരുന്നതാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
നിരന്തരം ജാമ്യഹരജി നൽകുന്നതിന്റെ പേരിൽ സുനിക്ക് ഹൈകോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. 2017 മുതൽ ജയിലിൽ കഴിയുന്ന ഇയാൾക്ക് പിന്നിൽ സാമ്പത്തിക സഹായവുമായി ആരോ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സുനിയുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുമുണ്ട്. വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യം അനുവദിക്കാനാണ് സുപ്രീംകോടതി നിർദേശം. ജാമ്യവുമായി ബന്ധപ്പെട്ട് കടുത്ത ഉപാധികൾ ചുമത്താനുള്ള ശ്രമം നടത്താൻ പ്രോസിക്യൂഷന് കഴിയുമെന്നത് മാത്രമാണ് ആശ്വാസകരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.