കല്‍പറ്റ: കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേന്ത്രക്കുല വ്യാപാരരംഗത്തുണ്ടായ മാന്ദ്യം ജില്ലയിലെ വാഴ കർഷകരെ തളര്‍ത്തുന്നു. മൂപ്പെത്തിയ നേന്ത്രക്കുലകള്‍ വെട്ടിവില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഉൽപാദന ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ല. കാറ്റിലും മഴയിലും വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തിയത് കൃഷിക്കാര്‍ക്കു മറ്റൊരു ആഘാതമായി. വാഴത്തോപ്പുകള്‍ രോഗങ്ങളുടെ പിടിയിലമരുന്നതും കൃഷി അനാദായകരമാക്കുകയാണ്.
ഏതാനും മാസങ്ങളായി നഷ്ടക്കണക്കുകൾ മാത്രമാണ് വാഴകൃഷിക്കാര്‍ക്ക് പറയാനുള്ളത്. മേത്തരം നേന്ത്രക്കുല കിലോഗ്രാമിനു 20 രൂപ മുതല്‍ 22 രൂപ വരെയാണ് പ്രദേശിക വിപണിയില്‍ വില. രണ്ടാംതരം കുലകള്‍ക്ക് കിലോഗ്രാമിനു 14 രൂപയില്‍താഴെയാണ് വില കിട്ടുന്നത്. ഇതുമൂലം കര്‍ഷകര്‍ നേരിടുന്ന നഷ്ടം ഭീമമാണ്. നേന്ത്രവാഴകൃഷി മുതലാകണമെങ്കില്‍ കിലോഗ്രാമിനു 35 രൂപയെങ്കിലും വില ലഭിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി വകുപ്പ് വിപണിയില്‍ നടത്തുന്ന ഇടപെടല്‍ നേന്ത്രക്കായ വില നിലംപറ്റേ ഇടിയുന്നത് തടയുന്നുണ്ടെങ്കിലും മെച്ചപ്പെട്ട വില ഉറപ്പുവരുത്തുന്നതിനു പര്യാപ്തമാകുന്നില്ല.
ഒരു നേത്രവാഴ നല്ലനിലയില്‍ നട്ടുപരിപാലിക്കുന്നതിനു 200 രൂപയോളമാണ് ചെലവ്. എന്നാല്‍ ഒരു വാഴയില്‍ വിളയുന്ന കുല വെട്ടിവിറ്റാല്‍ ഈ തുക ലഭിക്കില്ല. ശരാശരി 10 കിലോഗ്രാമാണ് ഒരു നേന്ത്രക്കുലയുടെ തൂക്കം. ഓരോ കുല തൂക്കുമ്പോഴും ഒന്നര കിലോഗ്രാം തണ്ടുകനം കച്ചവടക്കാര്‍ കുറക്കുന്നു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലെ ചന്തകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഉപഭോഗത്തില്‍ കുത്തനെയുണ്ടായ കുറവാണ് നേന്ത്രക്കുലക്കു ന്യായവില ലഭിക്കാത്തതിന് മുഖ്യകാരണമെന്ന് കര്‍ഷകരും കച്ചവടക്കാരും പറയുന്നു. സംസ്ഥാനത്തിനു പുറത്തുള്ള ചന്തകളിലേക്കു കയറ്റി അയക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നേന്ത്രക്കുല സംഭരണത്തില്‍ മൊത്തക്കച്ചവടക്കാര്‍ താൽപര്യം കാട്ടുന്നില്ല.
നിലവില്‍ പ്രാദേശിക വിപണികളില്‍നിന്നു ശേഖരിക്കുന്ന നേന്ത്രക്കുലകളില്‍ അധികവും എറണാകുളം, തൃശൂര്‍ മാര്‍ക്കറ്റുകളിലേക്കാണ് കയറ്റുന്നത്.
ജില്ലയില്‍ ഏകദേശം 12,000 ഹെക്ടറിലാണ് വാഴകൃഷി. പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക, പൊഴുതന പഞ്ചായത്തുകളില്‍ വാഴകൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങളുണ്ട്. ഇക്കുറി വേനല്‍മഴയിലും കാറ്റിലും വാഴകൃഷി വ്യാപകമായി നശിച്ചും കൃഷിക്കാര്‍ക്ക് കനത്ത നഷ്ടമുണ്ടായി. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കൃഷി നടത്തിയതില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത കര്‍ഷകര്‍ അങ്കലാപ്പിലാണ്.
കടം വീട്ടാനും വീണ്ടും കൃഷിയിറക്കാനും എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പലരും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനു വാഴകളാണ് നിലംപൊത്തിയത്. ഏപ്രില്‍ പകുതിക്കുശേഷം 6371 കര്‍ഷകരുടെ 3,17,980 കുലച്ച വാഴകള്‍ നശിച്ചു. ഇതിലൂടെ 79.21 കോടി രൂപയുടെ നഷ്ടമുണ്ടായി, 3274 കര്‍ഷകരുടെ 5,47,210 കുലക്കാത്ത വാഴകള്‍ നശിച്ച് 21.06 കോടി രൂപയുടെയും നഷ്ടമുണ്ടായി. കൂടാതെ, പന്നി, കുരങ്ങ്, മയില്‍ എന്നീ വന്യജീവികള്‍ വരുത്തുന്ന നാശംമൂലം വാഴകൃഷിക്കാര്‍ നേരിടുന്ന ഉൽപാദന നഷ്ടവും വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.