തിരുവനന്തപുരം: ബാർകോഴ ആരോപണം മുറുകുമ്പോൾ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി വിവാദത്തിന്റെ ‘വീര്യം കുറക്കാൻ’ സർക്കാർ. ടൂറിസം ഡയക്ടർക്ക് പിന്നാലെ, ചീഫ് സെക്രട്ടറിയും വിശദീകരണവുമായി രംഗത്തുവന്നത് അതിന്റെ ഭാഗമാണ്. ‘ഡ്രൈഡേ’ വിലക്ക് പിൻവലിക്കുന്നത് ഉൾപ്പെടെ മദ്യനയത്തിലുള്ള മാറ്റങ്ങൾ സർക്കാറിന്റെ ആലോചനയിലിരിക്കെയാണ് കോഴഫണ്ട് പിരിവ് സംബന്ധിച്ച ശബ്ദസന്ദേശം പുറത്തുവന്നത്. മദ്യനയം സംബന്ധിച്ച് പ്രാഥമിക ചർച്ചപോലും തുടങ്ങിയിട്ടില്ലെന്നും ചർച്ചപോലും നടക്കാത്ത കാര്യത്തിന് കോഴ നൽകാൻ ഫണ്ട് പിരിച്ചെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നും വിശദീകരിച്ചാണ് വകുപ്പുമന്ത്രി എം.ബി. രാജേഷും സി.പി.എമ്മും ബാർകോഴ ആരോപണം തള്ളിയത്.
എന്നാൽ, ടൂറിസം ഡയറക്ടറുടെ നേതൃത്വത്തിൽ മേയ് 21ന് ഓൺലൈനായും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിനും ചേർന്ന യോഗത്തിൽ ‘ഡ്രൈഡേ’ വിലക്ക് നീക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ ചർച്ച നടന്നെന്ന വിവരം പുറത്തുവന്നു. ഇതോടെ മദ്യനയത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്ന സർക്കാറിന്റെയും സി.പി.എമ്മിന്റെയും വാദം പാളി. അതിൽപിടിച്ച് പ്രതിപക്ഷം പ്രക്ഷോഭം പ്രഖ്യാപിച്ച് സമ്മർദം മുറുക്കുന്നതിനിടെയാണ് സർക്കാറിനെ ‘രക്ഷപ്പെടുത്തുന്ന’ വിശദീകരണവുമായി ഉദ്യോഗസ്ഥർ രംഗത്തുവന്നത്. മേയ് 21ലെ ഓൺലൈൻ യോഗം മദ്യനയവുമായി ബന്ധപ്പെട്ടതോ ബാർ ഉടമകളുടേതു മാത്രമായുള്ളതോ അല്ലെന്നും യോഗം വിളിച്ചത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിഞ്ഞുകൊണ്ടല്ലെന്നുമാണ് ഞായറാഴ്ച ടൂറിസം ഡയറക്ടർ പത്രക്കുറിപ്പിറക്കി വിശദീകരിച്ചത്.
തിങ്കളാഴ്ച ചീഫ് സെക്രട്ടറി പ്രത്യേകമായി ഇറക്കിയ പത്രക്കുറിപ്പിലും ബാർകോഴ ആരോപണത്തിൽ സർക്കാറിനെ പ്രതിരോധിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. മാർച്ച് ഒന്നിലെ യോഗത്തിൽ സംസ്ഥാന സർക്കാറിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്ന കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിൽ പറയുന്നു. എല്ലാമാസവും ഒന്നിന് ‘ഡ്രൈഡേ’ ആചരിക്കുമ്പോൾ വർഷത്തിൽ 12 ദിവസം മദ്യവിൽപന നടക്കാത്തതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം എത്രയെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന നിർദേശം യോഗത്തിലുണ്ടായി. എന്നാൽ, ഇതിൽ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. ചീഫ് സെക്രട്ടറി, ടൂറിസം ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് ഒന്നിനും മേയ് 21നും നടന്ന യോഗങ്ങൾ ‘ഡ്രൈഡേ’ വിലക്ക് പിൻവലിക്കുന്നത് ഉൾപ്പെടെ മദ്യനയത്തിലെ മാറ്റത്തിലേക്കുള്ള സുപ്രധാന നീക്കമാണെന്നാണ് വിവരം.
അവ പതിവ് യോഗങ്ങൾ മാത്രമെന്ന് വിശദീകരിച്ച് ചീഫ് സെക്രട്ടറിയും ടൂറിസം ഡയറക്ടറും സർക്കാറിന് കവചം ഒരുക്കുകയാണ്. മദ്യനയത്തിലെ മാറ്റങ്ങൾക്ക് ടൂറിസം വകുപ്പ് ഇടപെട്ടെന്ന ആക്ഷേപത്തിന് എല്ലാം ടൂറിസം ഡയറക്ടർ വിശദീകരിച്ചിട്ടുണ്ടെന്നാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച പ്രതികരിച്ചത്.
ജൂൺ 10ന് തുടങ്ങാനിരിക്കുന്ന നിയമസഭ സമ്മേളനത്തിലടക്കം ബാർകോഴ വലിയ ചർച്ചയാകുമെന്ന് ഉറപ്പ്. അപ്പോഴെല്ലാം പ്രതിരോധത്തിന് സർക്കാറിന്റെ മുഖ്യ ആയുധമാവുക ടൂറിസം ഡയറക്ടറുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകണം ആയിരിക്കും. ഇതോടൊപ്പം കോഴവിവരം പുറത്തുവിട്ട ശബ്ദസന്ദേശത്തിന്റെ ഉടമ ബാറുടമകളുടെ സംഘടനാ നേതാവ് അനിമോൻ പറഞ്ഞത് വിഴുങ്ങുക കൂടി ചെയ്ത പശ്ചാത്തലത്തിൽ ബാർകോഴവിവാദത്തിൽ തടിയൂരാനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.