തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിനായി 25 കോടിയോളം രൂപ പിരിച്ചുനല്‍കണമെന്ന ബാറുടമ സംഘടന നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. എസ്.പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ടം. ശബ്ദരേഖക്ക് പിന്നില്‍ ഗൂഢാലോചയുണ്ടെന്നാരോപിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് വെള്ളിയാഴ്ച ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. എ.കെ.ജി സെന്റർ ആക്രമണക്കേസ്, മേയറുടെ കത്ത് വിവാദം തുടങ്ങിയ കേസുകൾ അന്വേഷിച്ചത് മധുസൂദനന്റെ നേതൃത്വത്തിലാണ്. ഇതിൽ മേയറുടെ കത്തിലെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കേസിൽ കുടുങ്ങുക തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കളാണെന്നതിനാൽ പാർട്ടി നേതൃത്വം ഇടപെട്ട് അന്വേഷണം മരവിച്ച സ്ഥിതിയാണ്.
ശബ്ദസന്ദേശത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് മന്ത്രി എം.ബി. രാജേഷ് ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. ബാർ അസോസിയേഷൻ നേതാവ് അനിമോന് പണം പിരിക്കാൻ നിർദേശിക്കുന്ന ശബ്ദസന്ദേശമാണ് ക്രൈംബ്രാഞ്ചിന്റെ കൈയിൽ ആകെയുള്ള പിടിവള്ളി. മദ്യനയം തങ്ങൾക്ക് അനുകൂലമാക്കാൻ ഓരോ ബാറുടമകളും 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് അനിമോൻ ശബ്ദരേഖയിൽ ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട ശബ്ദരേഖയുമായി മാത്രം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല.
പണം വാങ്ങിയതിനോ കൊടുത്തതിനോ തെളിവുണ്ടെങ്കിൽ മാത്രമേ ഗൂഢാലോചനയുടെ പരിധിയിൽവരൂ. ശബ്ദസന്ദേശം അനിമോന്റേത് തന്നെയെന്ന് ഉറപ്പിക്കാൻ ഫോറൻസിക് പരിശോധനക്ക് നൽകേണ്ടിവരും. ശബ്ദം അനിമോന്റേതാണെന്ന് വ്യക്തമായാലും ബാറുടമകളിൽനിന്ന് സർക്കാറിന് നൽകാനെന്ന പേരിൽ പണം വാങ്ങിയതിനോ കോടുത്തതിനോ തെളിവുകളോ സാക്ഷികളോ ഇല്ലെങ്കിൽ കേസ് നിലനിൽക്കില്ല. സംഘടനക്കായി പുതിയ കെട്ടിടം വാങ്ങാനാണ് പണം ആവശ്യപ്പെട്ടതെന്ന് അനിമോൻ വാദിച്ചാലും അതിനല്ലെന്ന് തെളിയിക്കാനുള്ള രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തണം.
നിലവിലെ സാഹചര്യത്തിൽ അനിമോനെതിരെയും അസോസിയേഷനെതിരെയും തെളിവുകളുമായി മുന്നോട്ടുവരുന്നത് സർക്കാറിനെതിരെയാകും എന്നതിനാൽ വ്യാഴാഴ്ച എറണാകുളത്തെ യോഗത്തിൽ പങ്കെടുത്ത ഒരു ബാറുടമയും ഇവർക്കെതിരെ തെളിവുകളുമായി മുന്നോട്ടുവരാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ കേസിൽ സാക്ഷികളെ കിട്ടാനും ക്രൈംബ്രാഞ്ചിന് പ്രയാസമാകും.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അടക്കം അസോസിയേഷന്റെ തലപ്പത്തുള്ളവരെല്ലാം തന്നെ എൽ.ഡി.എഫിന്റെ അടുത്ത അനുയായികളാണ്. അതിനാൽ ജൂൺ 10ന് നിയമസഭ ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള മാർഗം കൂടിയാണ് സർക്കാറിന് ക്രൈംബ്രാഞ്ച് അന്വേഷണം. വരുംദിവസങ്ങളിൽ അനിമോനെയും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറിനെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ശബ്ദസന്ദേശം അയച്ച ഫോൺ അനിമോൻ നശിപ്പിച്ചിട്ടില്ലെങ്കിൽ ഈ ഫോൺ ഫോറൻസിക്ക് പരിശോധനക്ക് കൈമാറും. തുടർന്ന് മേയറുടെ കേസുപോലെ ഈ കോഴാരോപണവും ഫയലിൽ ഉറങ്ങാനാണ് സാധ്യത.
തിരുവനന്തപുരം: സർക്കാറിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ബാർ ഉടമകളിൽനിന്ന് പണം പിരിക്കാൻ ആരംഭിച്ചു. പണപ്പിരിവ് സംബന്ധിച്ച് വിജിലൻസിനും എക്സൈസിനും പരാതി ലഭിച്ചിരുന്നു. രാഷ്ട്രീയക്കാർക്ക് കോഴ നൽകാനായാണ് പിരിവെന്നായിരുന്നു കത്തിലെ ആരോപണം. എന്നാൽ, അന്വേഷണം ഉണ്ടായില്ല. അതേസമയം, ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന് പുതിയ കെട്ടിടം വാങ്ങാനെന്ന പേരിൽ ഒരോ ബാർ മുതലാളിമാരിൽനിന്നും പ്രസിഡന്റ് സുനിൽകുമാർ ഒരു ലക്ഷം വീതം പിരിക്കുന്നുണ്ടെന്നും ഇത് സ്വന്തം ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനാണെന്നും വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് സുനിൽകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.