കൊച്ചി: ഹൈകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി മഹിജക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബാർ കൗൺസിൽ. മഹിജയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാർ കൗൺസിൽ വാദിക്കുന്നത്. വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാനായാണ് ജഡ്ജി എബ്രഹാം മാത്യു കോളെജിൽ പോയത്. ആരോപണവുമായി ബന്ധപ്പെട്ട് മഹിജയോട് വിശദീകരണം തേടും. ആദ്യ ഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മഹിജ ഹൈകോടതി ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരുന്നു. ജഡ്ജിക്ക് നെഹ്റു കോളജുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മഹിജയുടെ ആരോപണം. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയിൽ ജഡ്ജി എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച ചിത്രങ്ങളും മഹിജ പരാതിക്കൊപ്പം അയച്ചിരുന്നു. ജഡ്ജിക്കെതിരെ ഇതേ ആരോപണമുന്നയിച്ച് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും ഹൈകോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.