ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ: രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സർക്കാർ

തിരുവനന്തപുരം: ബാർ ഉടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണവുമായി സർക്കാർ. അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാറിന് കൈമാറി. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാലാണ് അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്‍റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്.

അതേസമയം, ആരോപണത്തില്‍ നിന്നു പിന്‍മാറാന്‍ ജോസ് കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്‍റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന.

Tags:    
News Summary - Bar Scam: Govt seeks permission to probe Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.