കൊച്ചി: മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെയാണ് ആദ്യ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്ന് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍. റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സമയപരിധി നിശ്ചയിച്ചിരുന്നതാണ് അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായത്. അതിനാല്‍, അന്വേഷണം പൂര്‍ത്തിയാക്കാനോ രേഖകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടാനോ കഴിഞ്ഞില്ല. ഇതിനാലാണ് വീണ്ടും അന്വേഷണം ആവശ്യപ്പെടേണ്ടിവന്നതെന്ന് സുകേശന്‍ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ബാര്‍ കോഴക്കേസിലെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണി നല്‍കിയ ഹരജിയിലാണ് വിശദീകരണം. രണ്ടാം വട്ടവും തുടരന്വേഷണം ആവശ്യപ്പെടാനാകുംവിധം അന്വേഷണഘട്ടത്തില്‍ കണ്ടത്തൊത്ത എന്ത് തെളിവുകളും കാര്യങ്ങളുമാണ് പിന്നീട് ശ്രദ്ധയില്‍പെട്ടതെന്ന് വ്യക്തമാക്കാന്‍ ജനുവരി 13ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണം. തുടരന്വേഷണത്തില്‍ കോടതി നിര്‍ദേശിച്ച പല കാര്യങ്ങളും പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍െറ അക്കൗണ്ട് രേഖകളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും ഭാരവാഹികളുടെ സംഭാഷണങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും പിടിച്ചെടുത്തിരുന്നു. ഇവയുടെ പരിശോധനഫലം ഫോറന്‍സിക് ലാബില്‍നിന്ന് ഇനിയും ലഭിച്ചില്ല. ആദ്യ തുടരന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് പരിഗണനയിലിരിക്കെ വിജിലന്‍സ് ഡയറ്കടര്‍ കേസുമായി ബന്ധപ്പെട്ട് വിശദീകരണം തേടി തനിക്ക് അഞ്ച് കത്ത് അയച്ചിരുന്നു. ഇവക്കെല്ലാം വിശദീകരണം നല്‍കി. തുടര്‍ന്ന് ഡയറക്ടറുമായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.
നിയമോപദേശങ്ങളും രണ്ട് ഹരജികളും കേസുമായി ബന്ധപ്പെട്ട നിവേദനങ്ങളും പരിഗണിച്ചു. ഇതിലൂടെയെല്ലാം പുതിയ വസ്തുതകള്‍ ലഭ്യമായ സാഹചര്യത്തില്‍ ഒരിക്കല്‍കൂടി തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.