തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബാറുകളും ബിയർ, വൈൻ പാർലറുകളും വീണ്ടും തുറക്കുന്നു. തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ട് എക്സൈസ് മന്ത്രിയുടെ ശിപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ സർക്കാർ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബാറുടമകളുടെ സംഘടന രംഗത്തെത്തി. ബാറുകളും ബിയർ പാർലറുകളും തുറക്കുന്നതിനൊപ്പം ക്ലബ്ബുകളും തുറക്കാൻ അനുമതി നൽകും.
ബാറുകൾ അനന്തമായി അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ട് സംഘടന നിവേദനം നൽകി.
തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടഞ്ഞുകിടക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടിയാണ്. ആ സാഹചര്യവും പരിഗണിച്ചു. വിഷയം വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്ത് അനുകൂല നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് എക്സൈസ് കമീഷണറിൽനിന്ന് റിപ്പോർട്ട് തേടിയത്. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് ശിപാർശ. സിനിമാ തീയറ്ററുകൾ തുറക്കാതെ ബാറുകൾ തുറക്കുന്നതിലെ സാേങ്കതികത പ്രശ്നമാകും. സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർ, വൈൻ പാർലറുകളുമാണുള്ളത്. അതിനാൽ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന നിർദേശം കൊണ്ടുവരും. ഒരു മേശയിൽ രണ്ടുപേരെ മാത്രമാകും അനുവദിക്കുക. പാർസൽ നിർത്തും. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാകും പ്രവർത്തനം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണം, ഗ്ലാസുകൾ സാനിറ്റൈസ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.