വയനാട്: ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് കോഴനൽകിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റേത് തന്നെയെന്നാണ് ഫോറൻസിക്ക് റിപ്പോർട്ട്. ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിലാണ് സ്ഥിരീകരണം.
14 ഇലക്ട്രോണിക് ഡിവൈസുകളുടേയും ഫോറൻസിക് റിപ്പോർട്ട് പൊലീസിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങൾ മാത്രമാണ്. കെ. സുരേന്ദ്രനും സി.കെ. ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സ്ഥാനാർഥിയാകാൻ ജെ.ആർ.പി നേതാവിയിരുന്ന സി.കെ. ജാനുവിന് ബി.ജെ.പി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.
സുൽത്താൻ ബത്തേരിയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം സി.കെ. ജാനു അടക്കമുള്ളവരുടെ നേതൃത്വത്തിൽ ജെ.ആർ.പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ.ആർ.പി പ്രചാരണ ചെലവുകൾക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി സുരേന്ദ്രനുമായി ജെ.ആർ.പി നേതാക്കൾ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് ഗണേശൻ വഴി സുൽത്താൻ ബത്തേരിയിൽ പണം എത്തിച്ചുകൊടുത്തതെന്നായിരുന്നു പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
മാർച്ച് 26ന് ബത്തേരിയിലെ ഒരു ഹോം സ്റ്റേയിൽ വെച്ച് ബി.ജെ.പി ജില്ല സെക്രട്ടറി പ്രശാന്ത് മലവയലാണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജാ സാധനങ്ങളെന്ന് തോന്നിക്കുന്ന തരത്തിൽ കാവിത്തുണിയിൽ പൊതിഞ്ഞാണ് പണമെത്തിച്ചത്. ജെ.ആർ.പിക്ക് എന്നുപറഞ്ഞാണ് ബി.ജെ.പി നേതൃത്വം ജാനുവിന് പണം കൈമാറിയത്. എന്നാൽ, ജാനു ഈ പണം ജെ.ആർ.പി നേതാക്കൾക്ക് നൽകിയില്ലെന്നാണ് പ്രസീത ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പണം കൂടുതലും ജാനു വ്യക്തിപരമായാണ് ചെലവഴിച്ചത്. ജെ.ആർ.പിക്ക് പണം കിട്ടിയില്ല. ആദിവാസികൾക്ക് വിതരണം ചെയ്യാനാണ് പണമെന്നാണ് ജാനു തങ്ങളോട് പറഞ്ഞതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.