കിണറ്റിൽ വീണ കരടി ചത്ത സംഭവം: നടപടി ആവശ്യപ്പെട്ട്​ പൊതുതാൽപര്യ ഹരജി

കൊച്ചി: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ നടപടിയാവശ്യപ്പെട്ട്​ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ തൃശൂരിലെ വാക്കിങ്​ ഐ ഫൗണ്ടേഷൻ ഫോർ ആനിമൽ അഡ്‌വോക്കസി എന്ന സംഘടനയാണ് ഹൈകോടതിയെ സമീപിച്ചത്.

വെള്ളനാട് സ്വദേശി അരവിന്ദിന്‍റെ വീട്ടിലെ കിണറ്റിൽ ഏപ്രിൽ 20ന്​ രാത്രി വീണ കരടിയാണ്​ രക്ഷാപ്രവർത്തനത്തിനിടെ​ മുങ്ങിച്ചത്തത്​. രക്ഷാ പ്രവർത്തനത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത് മണിക്കൂറുകൾ കഴിഞ്ഞാണെന്ന് ഹരജിയിൽ പറയുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ രേഖാമൂലമുള്ള അനുമതി ഇല്ലാതെയാണ് ജില്ല ഫോറസ്റ്റ് ഓഫിസർ മയക്കുവെടി വെക്കാൻ തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനേറിയന്​ നിർദേശം നൽകിയത്​. മയക്കുവെടിവെച്ച്​ വീഴ്‌ത്തുന്നതിന്​ മുമ്പ് വെള്ളം വറ്റിക്കുന്നതിലും പിന്നീട്​ കരടിയെ വലയിലാക്കുന്നതിലും ഉദ്യോഗസ്ഥർക്ക്​ വീഴ്‌ച പറ്റി. വെള്ളത്തിൽ വീണ ശേഷമാണ് അഗ്​നിരക്ഷ സേനയെ അറിയിച്ചത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡി.എഫ്.ഒ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ, വെറ്ററിനേറിയൻ എന്നിവരുടെ അശാസ്ത്രീയമായ നടപടികളാണ് കരടിയുടെ മരണത്തിന് കാരണമായതെങ്കിലും ജില്ല പൊലീസ് മേധാവി സംഭവത്തിൽ കേസെടുത്തിട്ടില്ല. കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം ചുമത്താൻ വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - bear death case: Public interest petition demanding action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.