സരുൺ സജി

ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന്: ആദിവാസി യുവാവിനെതിരായ കേസ് പിൻവലിച്ചു

കട്ടപ്പന: ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിൻവലിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തൻപുരക്കൽ സരുൺ സജിക്കെതിരായ കേസാണ് പിൻവലിച്ചത്. കേസ് റദ്ദാക്കാൻ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നൽകി. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന പരിശോധനാ റിപ്പോർട്ട് വനം വകുപ്പ് കോടതിയിൽ സമർപ്പിച്ചു.

സെപ്റ്റംബർ 20നാണ് ഓട്ടോയിൽ കാട്ടിറച്ചി കടത്തിയെന്ന്​ ആരോപിച്ച് സരുൺ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്​ ചെയ്യുകയും മർദിക്കുകയും ചെയ്തത്. എന്നാൽ, ഇറച്ചി വനം ഉദ്യോഗസ്ഥർ സരുണിനെ കുടുക്കാൻ ഓട്ടോയിൽ കൊണ്ടുവെച്ചതാണെന്നും മഹസർ കെട്ടിച്ചമച്ചതാണെന്നും വനം വകുപ്പ്​ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പിന്നീട് കണ്ടെത്തി. തുടർന്ന്​, വൈൽഡ്​ലൈഫ്​ വാർഡനടക്കം കുറ്റക്കാരായ ഏഴ്​ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​​ ചെയ്തു.

എന്നാൽ, സരുണിനെതിരായ കള്ളക്കേസ്​ വനം വകുപ്പ് പിൻവലിച്ചിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥർക്കെതിരെ കേസ്​ എടുക്കണമെന്ന് ആവശ്യപ്പെട്ട്​ സരുൺ പട്ടികജാതി, പട്ടികവർഗ കമീഷനെ സമീപിച്ചു​. തുടർന്ന് കുറ്റക്കാർക്കെതിരെ രണ്ടാഴ്ചക്കകം കേസെടുത്ത്​ റിപ്പോർട്ട്​ നൽകണമെന്ന് ഉപ്പുതറ പൊലീസിന്​ കമീഷൻ നിർദേശം നൽകി.

സംഭവം വിവാദമായതോടെ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ വൈൽഡ്​ ലൈഫ്​ വാർഡൻ ഉൾപ്പെടെ 13 വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി, പട്ടികവർഗ കമീഷന്‍റെ ഉത്തരവ്​ പ്രകാരം പൊലീസ് കേസെടുത്തു. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ രാഹുൽ, കിഴുകാനം ഫോറസ്റ്റ്​ ഓഫിസർ അനിൽകുമാർ, ബീറ്റ്​ ഫോറസ്റ്റ്​ ഓഫിസർമാരായ ലെനിൻ, ജിമ്മി, ഷിജിരാജ്​, ഷിബിൻ ദാസ്​, മഹേഷ്​, ഫോറസ്റ്റ്​ വാച്ചർമാരായ മോഹനൻ, ജയകുമാർ, സന്തോഷ്​, ഗോപാലകൃഷ്ണൻ, ഭാസ്കരൻ, ലീലാമണി എന്നിവർക്കെതിരെയാണ്​ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ്​ എടുത്തത്​.​ ദേഹോപദ്രവം ഏൽപിക്കൽ, തെളിവ്​ നശിപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി​.

Tags:    
News Summary - beef smuggling: Case against tribal youth withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.