കോഴിക്കോട്: സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പ്രസ്താവന വിവാദമായിരിക്കെ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പിയോട് താൽപര്യമുള്ള ഒരാളായ ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എട്ടു വർഷത്തിനിടെ നിരവധി കാര്യങ്ങൾ മലപ്പുറം ജില്ലക്കായി എൽ.ഡി.എഫ് സർക്കാർ ചെയ്തിട്ടുണ്ടെന്നും റിയാസ് പറഞ്ഞു.
കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ബി.ജെ.പി വിരുദ്ധ മനസ്സുകളിൽ മുഖ്യമന്ത്രിയെ വിശ്വാസമാണ്. അതിനെ പൊളിക്കാനാണ് ശ്രമിക്കുന്നത്. ഇത് പൊളിച്ചാൽ മാത്രമേ യു.ഡി.എഫിന് ഇനി അധികാരത്തിലെത്താൻ പറ്റൂ. വെട്ടിപ്പും തട്ടിപ്പും നടത്താതെ ഇനി യു.ഡി.എഫിന് ഒരടി മുന്നോട്ടു പോകാൻ പറ്റില്ല. ഇതിന് യു.ഡി.എഫിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് കേരളത്തിൽ ന്യൂനപക്ഷ വർഗീയത ഇനിയും ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയാണ്. യു.ഡി.എഫിന്‍റെ സ്ലീപ്പിങ് പാർട്ണറായാണ് ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവരുമായി ബന്ധമുള്ള സ്ഥാപനങ്ങൾ ഇത് ഏറ്റെടുക്കുന്നു -റിയാസ് കുറ്റപ്പെടുത്തി.
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമർശം മാറുന്ന പിണറായിയുടെ രീതിയാണെന്ന് പി.വി. അൻവർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്ന് ചിത്രീകരിക്കാനാണിത്. ഇത് പ്രോത്സാഹിപ്പിക്കാനുള്ള നിലപാടാണ് മലപ്പുറം ജില്ലയിലെ സി.പി.എം നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.