കൊച്ചി: അൽമായ മുന്നേറ്റം അതിരൂപത സമിതി വൈദിക സമ്മേളനം കർദിനാൾ ആലഞ്ചേരിയുടെയും ഓറിയന്റൽ കോൺഗ്രിയേഷൻ പ്രീഫക്ട് കർദിനാൾ സാന്ദ്രിയുടെയും കോലം കത്തിച്ചു. എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാനയല്ലാതെ മറ്റൊരു രീതിയും അടിച്ചേൽപിക്കാൻ ആരെയും അനുവദിക്കില്ലെന്നും എറണാകുളം അതിരൂപതയുടെ സാംസ്കാരിക പൈതൃകത്തിനെതിരെ നിലപാട് എടുക്കുന്ന വൈദികരെ അതിരൂപതയുടെ മുഴുവൻ ചുമതലകളിൽനിന്നും മാറ്റിനിർത്തണമെന്നും അൽമായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു.
കലൂർ റിന്യൂവൽ സെന്ററിൽ വൈദിക സമ്മേളനത്തിലാണ് കോലം കത്തിച്ചത്. ഭൂമിവിൽപന വഴി എറണാകുളം അതിരൂപതക്കുണ്ടാക്കിയ നഷ്ടം നികത്തണമെന്ന് സിനഡിനോടും കർദിനാൾ അലഞ്ചേരിയോടും വത്തിക്കാൻ നിർദേശം നൽകിയിട്ട് രണ്ടുവർഷം കഴിഞ്ഞു. അത് നടപ്പിൽ വരുത്താത്തവർ മറ്റൊരു വത്തിക്കാൻ ഓർഡറുമായി വരരുതെന്നും അതിന് ഒരു പേപ്പർവില പോലും അനുവദിച്ചുതരില്ലെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കി.
എറണാകുളം അതിരൂപതക്ക് നിലവിലെ രീതി തുടരാൻ അനുവദിക്കുക, അല്ലെങ്കിൽ ലിറ്റർജിക്കൽ വേരിയന്റ് ആയി പരിഗണിക്കുക, വത്തിക്കാൻ നിർദേശിച്ച റെസ്റ്റിറ്റ്യൂഷൻ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരവുമായി രംഗത്തുവരുമെന്ന് അൽമായ മുന്നേറ്റം അതിരൂപത സമിതി അറിയിച്ചു. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, കൺവീനർ അഡ്വ. ബിനു ജോൺ, റിജു കാഞ്ഞൂക്കാരൻ, ഷൈജു ആന്റണി, റിട്ട. ജഡ്ജ് അഗസ്റ്റിൻ കണിയാമറ്റം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.