കണ്ണൂർ: മംഗളൂരു വഴി സർവിസ് നടത്തുന്ന ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയ റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കർണാടകയിൽ ഉയരുന്ന പ്രതിഷേധത്തിന്റെ ഗുണം ബസ് മാഫിയക്ക്. കർണാടകയിൽ മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നട എം.പിയുമായ നളിൻ കുമാർ കട്ടീലിന്റെ നേതൃത്വത്തിലാണ് പ്രാദേശിക വാദമുയർത്തി കേരളത്തിലെ ട്രെയിനുകൾക്ക് പാലം വലിക്കുന്നത്.
ട്രെയിനിൽ 22 കോച്ചുകളുണ്ടെങ്കിലും കോഴിക്കോട് വരെ നീട്ടിയാൽ മംഗളൂരുവിലെ റിസർവേഷൻ ക്വാട്ട നഷ്ടമാകുമെന്നും പ്രദേശത്തെ യാത്രക്കാർക്ക് ലഭ്യമായ സീറ്റുകളും ബർത്തുകളും കുറയുമെന്നും ആരോപിച്ചാണ് എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. മംഗളൂരു മേഖലയിലെ ജനങ്ങൾ എതിരാണെന്ന വാദമുയർത്തി കേരളത്തിന് ലഭിക്കേണ്ട പല ട്രെയിനുകളും പാതിവഴിയിലാക്കിയ നടപടികളും ഏറെ. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസും മംഗളൂരുവിലേക്ക് നീട്ടാതെ കാസർകോട് യാത്ര അവസാനിപ്പിക്കേണ്ടി വന്നതും ലോബിയുടെ സമ്മർദം കാരണമാണ്. കേരള വിരോധവും പ്രാദേശിക വാദവും ഉയർത്തി കർണാടക റെയിൽ പാസഞ്ചേഴ്സ് സംഘടനകളും രംഗത്തുണ്ട്.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടുമെന്ന റെയിൽവേയുടെ തീരുമാനത്തിലൂടെ ദുരിതയാത്രക്ക് അൽപം അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ അനുവദിച്ച സ്റ്റോപ്പ് കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിലായിരുന്നു. എന്നാൽ ഇതിനെതിരെയാണ് കർണാടക ലോബിയുടെ കളി.
നേരത്തേ ഈ ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. എന്നാൽ, നളീൻ കുമാർ നേരിട്ട് റെയിൽവേ മന്ത്രിയെ കണ്ടാണ് അന്നത്തെ തീരുമാനം അട്ടിമറിച്ചത്. മംഗളൂരുനിന്ന് കേരളം വഴി രാമേശ്വരത്തേക്ക് റെയിൽവേ ബോർഡ് തീരുമാനിച്ച ട്രെയിനിനും സമാന അനുഭവമായിരുന്നു.കർണാടക ലോബിയുടെ ഇടപെടലിലാണ് തീരുമാനം അട്ടിമറിക്കപ്പെട്ടത്. മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുമെന്ന പ്രതീക്ഷക്കും ഇതോടെ മങ്ങലേറ്റു.
വിദ്യാർഥികളും ഐടി ജീവനക്കാരും കച്ചവടക്കാരുമടക്കം കേരളത്തിൽനിന്ന് ഏറെപ്പേർ ആശ്രയിക്കുന്ന ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിലൂടെ ഭീമൻ കൊള്ളയടിയാണ് ബസ് മാഫിയ നടത്തുന്നത്. അവധി ദിവസങ്ങളിലും വാരാന്ത്യത്തിലും കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലായിരിക്കും. രണ്ടും മൂന്നും ഇരട്ടി തുക സ്വകാര്യ ബസുകൾക്ക് നൽകിവേണം നാട്ടിലെത്താൻ. ഏത് ഏജന്‍സിയില്‍ ചെന്ന് ചോദിച്ചാലും റെഗുലര്‍ ബസില്‍ ടിക്കറ്റില്ല എന്ന മറുപടിയാണ് ലഭിക്കുക. പകരം സ്പെഷല്‍ ബസ് നൽകി കൊള്ളലാഭംകൊയ്യും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള തലശ്ശേരി-മൈസൂരു പാതയും ട്രാക്കിലാവാത്തത് കർണാടക ലോബിയുടെ കളിയാണ്. കേരളത്തിന് ഉപകാരപ്പെടുന്ന പാതകളും ട്രെയിനുകളും പ്രാദേശിക വാദമുയർത്തി നിരന്തരം അട്ടിമറിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.