ചാലക്കുടിയുടെ സ്വന്തം ബെന്നി ചേട്ടൻ!

തിളക്കം കുറഞ്ഞെങ്കിലും ഇക്കുറിയും ചാലക്കുടി ലോക്സഭ മണ്ഡലം യു.ഡി.എഫിനെയും ബെന്നി ബെഹനാനെയും കൈവിട്ടില്ല. മുൻ മന്ത്രിയും സി.പി.എമ്മിന്‍റെ സൗമ്യ മുഖവുമായ പ്രഫ. സി. രവീന്ദ്രനാഥിനെ മറികടന്നാണ് ചാലക്കുടിയുടെ ലോക്കൽ ബോയ് സിറ്റിങ് സീറ്റ് നിലനിർത്തിയത്. നിലവിൽ 63,769 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുന്നേറുന്നത്.

ഭൂരിപക്ഷം കുറഞ്ഞെങ്കിലും വാശിയേറിയ പ്രചാരണം മറികടന്ന് സിറ്റിങ് സീറ്റ് നിലനിർത്താൻ യു.ഡി.എഫിനായി. കഴിഞ്ഞതവണ 1.32 ലക്ഷമായിരുന്നു ബെന്നിയുടെ ഭൂരിപക്ഷം. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തിൽ മാത്രമാണ് രവീന്ദ്രനാഥിന് മുന്നിലെത്താനായത്. പിന്നീട് ഒരുഘട്ടത്തിൽപോലും യു.ഡി.എഫ് സ്ഥാനാർഥിയെ മറികടക്കാനായില്ല. ബെന്നി 3,93,913 വോട്ടുകളും ഇടതുപക്ഷ സ്ഥാനാർഥി 3,30,144 വോടുകളും ഇതുവരെ നേടിയിട്ടുണ്ട്. ട്വന്‍റി20 സ്ഥാനാർഥി അഡ്വ. ചാർളി പോൾ ഒരു ലക്ഷത്തിൽപരം വോട്ടു നേടിയെങ്കിലും യു.ഡി.എഫിന് വെല്ലുവിളി ഉയർത്തിയില്ല. 1,05,560 വോട്ടു നേടി നാലാമതാണ്.

എൻ.ഡി.എയുടെ ബി.ഡി.ജെ.എസ് സ്ഥാനാർഥി കെ.എ. ഉണ്ണികൃഷ്ണൻ 1,06,245 വോട്ടുനേടി മൂന്നാമതുണ്ട്. ട്വന്‍റി-20 സ്ഥാനാർഥിയുടെ സാന്നിധ്യവും ഇടതു സ്ഥാനാർഥിയുടെ ക്ലീൻ ഇമേജും യാക്കോബായ സഭയുടെ പരസ്യ രാഷ്ട്രീയനിലപാടും യു.ഡി.എഫിന്‍റെ ഭൂരിപക്ഷം കുറയുന്നതിന് കാരണമായി വിലയിരുത്തുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ 4.73 ലക്ഷം വോട്ടുകൾ നേടിയപ്പോൾ ഇന്നസെന്റിന് ലഭിച്ചത് 3.41 ലക്ഷം വോട്ടുകൾ മാത്രം. ബി.ജെ.പിയുടെ സ്ഥാനാർഥിക്ക് 1.54 ലക്ഷം വോട്ടുകളും. സ്ഥാനാർഥിയുടെ മികവു തന്നെയായിരുന്നു എൽ.ഡി.എഫിന്‍റെ തുറുപ്പുശീട്ട്.

രവീന്ദ്രനാഥിനെ രംഗത്തിറക്കി കാടിളക്കിയുള്ള പ്രചാരണമാണ് ഇടതുപക്ഷം മണ്ഡലത്തിൽ നടത്തിയത് നടന്നത്. പക്ഷേ, അതൊന്നും ബെന്നിയുടെ ഇമേജിനെയും നിഷ്പക്ഷ വോട്ടുകളെയും സ്വാധീനിക്കാൻ മാത്രം മതിയാകുമായിരുന്നില്ല. ചാലക്കുടി മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരുമ്പാവൂരുകാരനാണ് ബെന്നി ബെഹനാൻ. ഉമ്മൻ ചാണ്ടിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ബെഹനാൻ യു.ഡി.എഫ് കൺവീനറായിരിക്കെ അവസാന നിമിഷം അപ്രതീക്ഷിതമായാണ് രംഗപ്രവേശനം ചെയ്യുന്നത്.

തെരഞ്ഞെടുപ്പിനു മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ബഹനാൻ ആശുപത്രിയിലായെങ്കിലും സ്ഥാനാർഥിയില്ലാതെയാണ് യു‍.ഡി.എഫ് പ്രചരണം നടത്തിയത്. ഇന്നസെന്റിന് ‘ഈസി വാക്കോവർ’ പ്രതീക്ഷിച്ച തെരഞ്ഞെടുപ്പിൽ വമ്പൻ അട്ടിമറി നടത്തിയാണ് ബെഹനാൻ സീറ്റ് തിരിച്ചു പിടിച്ചത്.

Tags:    
News Summary - Benny Behanan retained the sitting seat Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.