കോട്ടക്കല്‍: വാഹന പരിശോധനക്കിടെ നിര്‍ത്താതെ കുതിച്ച ബൈക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എം.വി.ഐ) ഇടിച്ചുവീഴ്ത്തി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയും മലപ്പുറം എന്‍ഫോഴ്സ്മെൻറ് സ്‌ക്വാഡ് അംഗവുമായ അസീമിനാണ് (41) പരിക്കേറ്റത്. അപകടത്തിൽ ബൈക്ക് യാത്രികരായ എടരിക്കോട് ചെറുശ്ശോല വള്ളിക്കാടൻ മുഫ്ലിഹ് (18), താനാളൂർ തൊട്ടുങ്ങൽ ഫർഹാൻ (16) എന്നിവർക്കും പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിൽ രണ്ടത്താണിയിലാണ് സംഭവം. വാഹനപരിശോധനക്കിടെ കുതിച്ചെത്തിയ ബൈക്കിന് എ.എം.വി.ഐ ഫസലുറഹ്മാൻ കൈ കാണിച്ചു. എന്നാല്‍, ബൈക്ക് നിര്‍ത്താതെ എം.വി.ഐ അസീമിനെ ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞു. പത്ത് മീറ്ററോളം ദൂരേക്ക് ഉദ്യോഗസ്ഥൻ തെറിച്ചുവീഴുന്ന ദൃശ്യം സമീപത്തെ കടയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. തലക്കും ഇടതുകാലിനും മുഖത്തും ഗുരുതര പരിക്കേറ്റ അസീം കോട്ടക്കൽ ആസ്റ്റർ മിംസിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രികർ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ ചികിത്സ തേടി. കൈ കാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് യാത്രികർ അസീമിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ സി.ടി.ജി. ഗോകുൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ബൈക്ക് ഓടിച്ച മുഫ്ലിഹിനെതിരെ കേസെടുത്തതായി കാടാമ്പുഴ പൊലീസ് അറിയിച്ചു. പരിക്കേറ്റ എം.വി.ഐ അസീമിനെ മലപ്പുറം ആർ.ടി.ഒ അനൂപ് വർക്കി ആശുപത്രിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.