ന്യൂഡൽഹി: ശബരിമല ദർശനത്തിന് പോയതിനു ഭീഷണിയുള്ള ബിന്ദു അമ്മിണിക്ക് സുരക്ഷ നൽകാൻ സർക്കാറിന് നിർദേശം നൽകാമെന്ന് സുപ്രീംകോടതി. അതേസമയം, സംരക്ഷണത്തിന് സർക്കാറിനെ സമീപിക്കാൻ രഹ്ന ഫാത്തിമയോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധന ഹരജികൾ എത്രയും പെെട്ടന്ന് തീർപ്പാക്കണമെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ആവശ്യപ്പെെട്ടങ്കിലും അംഗീകരിച്ചില്ല. അവ തീർപ്പാക്കും മുമ്പ് ഏഴംഗ ബെഞ്ചിന് സുപ്രീംകോടതി വിട്ട ബന്ധപ്പെട്ട വിഷയങ്ങൾ തീർപ്പാക്കാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ വർഷം 24 മണിക്കൂറും ബിന്ദുവിന് സുരക്ഷ ഒരുക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നുവെന്ന് ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. അതെടുത്തുകളെഞ്ഞന്നും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ സർക്കാറിന് നിർദേശം നൽകാമെന്ന് സുപ്രീംകോടതി മറുപടി നൽകി. തെൻറ കക്ഷിയായ രഹ്ന ഫാത്തിമക്കും ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് പറഞ്ഞപ്പോൾ ‘അഖിലഭാരത അയ്യപ്പ ധർമ പ്രചാര സഭ’ അഭിഭാഷകനായ കൈലാഷ് വാസുദേവ് ഇടപെട്ടു.
ഭീഷണിയുണ്ടെങ്കിൽ സർക്കാറിന് പരാതി നൽകണമെന്ന് തുടർന്ന് കോടതി നിർദേശിച്ചു. ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം തേടിയാണ് ഹരജി എന്ന് പറഞ്ഞ് കോളിൻ ഗൊൺസാൽവസ് വാദം തുടങ്ങിയപ്പോൾ തന്നെ ആ വിഷയം സുപ്രീംകോടതി വിപുല ബെഞ്ചിന് വിട്ടതല്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാത്തത് ഒാർമിപ്പിച്ച ഗൊൺസാൽവസ് എന്നിട്ടും പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് പരാതിപ്പെട്ടു. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ സ്ഫോടനാത്മകമാണെന്നും അക്രമം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.