കോട്ടയം: വീടിന്‍റെ ജപ്തി ഒഴിവാക്കി പുതുജീവിതം നയിക്കാൻ പ്രാപ്തമാക്കിയ മുനവ്വറലി തങ്ങളെ കാണാൻ പാലയിൽ നിന്നും ബിന്ദുവും കുടുംബവും പാണക്കാട്ടെത്തി. തങ്ങളുടെ സഹായത്തിനും നന്മയുള്ള മനസ്സിനും നന്ദിയർപ്പിച്ചാണ് ബിന്ദുവും കുടുംബവും നാട്ടിേലക്ക് മടങ്ങിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസാണ് ബിന്ദുവും കുടുംബവും മുനവ്വറലി തങ്ങൾക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവെച്ചത്.
സെപ്റ്റംബർ 22ന് രാത്രി ഒരു മണിക്കാണ് ബിന്ദുവിനും കുടുംബത്തിനും സഹായം അഭ്യർഥിച്ച് മുനവ്വറലി തങ്ങൾ ഫേസ്ബുക് പോസ്റ്റിട്ടത്. തുടർന്ന് മുനവ്വറലി തങ്ങളുടെ ആഹ്വാനം ഏറ്റെടുത്ത് നിരവധി പേർ ബിന്ദുവിന് സഹായവുമായി എത്തിയിരുന്നു.
പാലാ പൈക സ്വദേശിയാണ് ബിന്ദു. ഹൃദ്രോഗിയും കിഡ്‌നി രോഗിയുമായ ഭർത്താവിന്‍റെ ചികിത്സാചെലവിനു വേണ്ടിയിരുന്നത് ലക്ഷങ്ങളായിരുന്നു. നിത്യജീവിതത്തിനായി ചെറിയൊരു ചായക്കട നടത്തിയ കുടുംബത്തിന് മറ്റു വരുമാന മാർഗമൊന്നുമുണ്ടായിരുന്നില്ല. കോവിഡ് കൂടി വന്നതോടെ ഉള്ള കച്ചവടവും മുടങ്ങി പട്ടിണിയായി. ഒടുവിൽ സ്വന്തമായുണ്ടായിരുന്ന അഞ്ചു സെന്‍റ് ഭൂമിയും വീടും ജപ്തി വെച്ച് ബിന്ദു ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്തു ഭർത്താവിന്‍റെ ചികിത്സ തുടങ്ങി. എന്നാൽ, വായ്പ കൃത്യമായി തിരിച്ചടക്കാനായില്ല. ബാങ്കിൽനിന്ന് ജപ്തി ഭീഷണിയായി. ഇതോടെ പെരുവഴിയിലായ ബിന്ദു ആത്മഹത്യയുടെ വക്കിലായിരുന്നു.
അവസാനശ്രമമെന്ന നിലയ്ക്ക് ബിന്ദു ഒരു സഹായാഭ്യർത്ഥന നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൂടെ ഇങ്ങനെയൊരു അഭ്യർഥനയും കുറിപ്പിൽ ചേർത്തു: ''പാണക്കാട് മുനവ്വറലി തങ്ങളോടോ ആ കുടുംബത്തിലെ വേറെ ആരോടെങ്കിലുമോ ഞങ്ങളുടെ കാര്യം പറയുമോ?'. പ്രതീക്ഷിച്ച പോലെ മുനവ്വറലി തങ്ങൾ ആ വിളി കേൾക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.