കൊച്ചി: തൃശൂർ പൂരം നടക്കേണ്ടതുപോലെ നടന്നിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടത്താൻ ചിലർ സമ്മതിച്ചില്ല. അതിന്റെ പിന്നിൽ തീർച്ചയായും ഒരു ഗൂഢാലോചനയുണ്ട്. അതുമായി ബന്ധപ്പെട്ട സത്യങ്ങളെല്ലാം പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ശനിയാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിലായിരുന്നു തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വെടിക്കെട്ട് അൽപം വൈകിയതിനെ പൂരം കലങ്ങിയതായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നു. പൂരം കലങ്ങിയ വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കേസെടുത്താല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു. അതിനാല്‍ ത്രിതല അന്വേഷണം സുഗമമായി നടക്കില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.