തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി അജിത്കുമാറിനെ ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ച് സി.പി.ഐ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം ആവർത്തിച്ചു. ആർ.എസ്.എസ് കൂടിക്കാഴ്ചയും പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളും സംബന്ധിച്ച പ്രത്യേക അന്വേഷണ റിപ്പോർട്ട് ഡി.ജി.പി വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കൈമാറുന്നുണ്ട്. ഒപ്പം വ്യാഴാഴ്ച കാബിനറ്റ് യോഗവും വെള്ളിയാഴ്ച മുതൽ നിയമസഭയും ആരംഭിക്കുന്ന സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച. ബുധനാഴ്ച വൈകീട്ട് എ.കെ.ജി സെന്ററിലെത്തിയാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വന്ന ശേഷം തീരുമാനിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പി.ആർ വിവാദങ്ങളും അൻവർ ഉയർത്തിയ ആരോപണങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായി.
ക്രമസമാധാന ചുമതലയില്‍നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. ഇക്കാര്യത്തിൽ ഉറപ്പുകിട്ടിയെന്ന നിലയിൽ വളരെ ആത്മവിശ്വാസത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിനോയ് വിശ്വം പ്രതികരിച്ചിരുന്നത്. ‘റിപ്പോർട്ട് വരട്ടെ’യെന്ന സി.പി.എം സമീപനം നേതൃത്വം പരസ്യമാക്കിയിട്ടും സി.പി.ഐ വഴങ്ങാൻ തയാറായിരുന്നില്ല. ‘‘ആർ.എസ്.എസ് പ്രമാണിമാരോട് ആവർത്തിച്ച് കിന്നാരം പറയാന്‍ പോകുന്ന ഒരാള്‍ പൊലീസിന്റെ എ.ഡി.ജി.പി പദവിയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെ’ന്നാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പ്രതികരിച്ചത്. ഫലത്തിൽ എ.ഡി.ജി.പിയെ മാറ്റൽ ധാർമിക-രാഷ്ട്രീയ പ്രശ്നമെന്നതിലുപരി സി.പി.ഐയെ സംബന്ധിച്ച് അഭിമാന പ്രശ്നം കൂടിയാവുകയാണ്.
ഇന്നും നാളെയുമായി സി.പി.ഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ ചേരാനിരിക്കുകയാണ്. പാർട്ടിക്കുള്ളിലും ബിനോയ് വിശ്വത്തിന് സമ്മർദമുണ്ട്.
പ്രകാശ് ബാബുവടക്കം നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സി.പി.ഐയുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.