കോട്ടയം: എസ്.എഫ്.ഐയെപ്പറ്റി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് കാലഘട്ടം ആവശ്യപ്പെടുന്ന പ്രതികരണമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ്. വസ്തുതാപരമായ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം മാധ്യമസൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത എസ്.എഫ്.ഐ നിലപാട് അത്യന്തം അപലപനീയമാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പ്രസ്താവനയിൽ പറഞ്ഞു.
സംഘടനാപ്രവര്‍ത്തനത്തിന്റെ മറവില്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങൾ എസ്.എഫ്.ഐയുടെ ലേബലിൽ ചില കലാലയങ്ങളില്‍ അരങ്ങേറുന്നുണ്ട്. ഇതിനെ ഗൗരവപൂർവം സമീപിച്ച് തിരുത്തലുകൾ വരുത്താനാണ് സംഘടന ശ്രമിക്കേണ്ടത്.
വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ഉൾപ്പെടെയുണ്ടായ മനുഷ്യത്വരഹിതമായ ക്രിമിനൽ സംഭവങ്ങൾ ഇടതുപക്ഷത്തിനുതന്നെ കളങ്കമായി. ഇടത് വിരുദ്ധർക്കും മാധ്യമങ്ങൾക്കും ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള ആയുധം നൽകുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയുടെ പേര് ഉപയോഗിച്ച് ചില ക്രിമിനലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം പ്രസ്ഥാനത്തെ ഇത്തരക്കാർക്ക് താവളമാക്കാനുള്ള അവസരം നൽകാതെ അവരെ അകറ്റിനിർത്തുകയാണ് എസ്.എഫ്.ഐ ചെയ്യേണ്ടത്. വിദ്യാർഥി സംഘടനകളെ സംബന്ധിച്ച വിഷയങ്ങൾ മുന്നണിയോഗങ്ങളിൽ പറയുക മാത്രമല്ല മുൻകാല വിദ്യാർഥിനേതാവ് എന്ന നിലയിലെ ഉത്തരവാദിത്തം കൂടിയാണ് ബിനോയ് വിശ്വം നിർവഹിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.