എറണാകുളം: കേരളത്തിൽ അനേകം ലവ് ജിഹാദ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ തെളിവുകൾ തരാമെന്നും വെല്ലുവിളിച്ച സംഘ്പരിവാർ നേതാവിന്റെ വെല്ലുവിളി സ്വീകരിച്ച് റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന് കോൺഗ്രസ് നേതാവ്. ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിലാണ് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസ് തെളിവ് നൽകാമെന്ന് വെല്ലുവിളിച്ചതും കോൺഗ്രസ് നേതാവ് രാജു പി. നായർ വെല്ലുവിളി സ്വീകരിക്കുന്നതും.
ധാരണയനുസരിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ താൻ എത്തിയെന്നും ഏറെ വൈകി വന്ന കൃഷ്ണദാസ്, ചർച്ചയിൽ പറഞ്ഞ ഒരു രേഖപോലും കാണിച്ചില്ലെന്നും രാജു പി. നായർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ലവ് ജിഹാദിനിരയായവരുടെ വീട്ടുവിവരങ്ങളടക്കം നൽകാമെന്നു പറഞ്ഞ ബി.ജെ.പി നേതാവ്, ഒറ്റ വിലാസം പോലും തന്നില്ല.
സിനിമയിലെ കുപ്രചാരണം പോലെ 32,000 കേസുകളുടെ തെളിവു വേണ്ടെന്നും പത്തെണ്ണമെങ്കിലും കാണിച്ചാൽ മതിയെന്നും താൻ പറഞ്ഞിട്ടും, നേരത്തേ എൻ.ഐ.എ അന്വേഷിച്ച, നേരത്തേ കേരളം ഏറെ ചർച്ച ചെയ്ത എല്ലാവർക്കും ലഭ്യമായ ഏതാനും കേസുകളുടെ വിവരങ്ങൾ മാത്രമാണ് കാണിച്ചതെന്നും രാജു പി. നായർ പറഞ്ഞു.
ബെന്നി ബെഹനാന്റെ ചോദ്യത്തിനു മറുപടിയായി, ലവ് ജിഹാദ് ഇല്ലെന്ന് ലോക്സഭയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് തന്നെ മറുപടി പറയുകയും ചെയ്തിട്ടും ബി.ജെ.പിയും മറ്റും കുപ്രചാരണം തുടരുകയാണ്. മതധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ കുപ്രചാരണം മാത്രമാണിത്.
നേരത്തേ ക്ഷേത്രവരുമാനങ്ങൾ സർക്കാർ കൈക്കലാക്കി മുസ്‍ലിംകൾക്കും ക്രൈസ്തവർക്കും നൽകുകയാണെന്ന ബി.ജെ.പിയുടെ കുപ്രചാരണത്തെ നിയമസഭയിൽ വ്യക്തമായ കണക്കുവെച്ച് കോൺഗ്രസ് ഖണ്ഡിച്ചിരുന്നു. അതുപോലെ തന്നെ ഇത്തരം പ്രചാരണത്തെയും പൊളിക്കുമെന്ന നിശ്ചയത്തിന്റെ ഭാഗമായാണ് ഈ വെല്ലുവിളി സ്വീകരിച്ചതെന്നും രാജു പി. നായർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.