ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി അടുപ്പിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റാനൊരുങ്ങുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായുള്ള ബി.ജെ.പി നേതൃയോഗം ഇന്ന് നടക്കും. പ്രധാനമായും ക്രിസ്ത്യൻ കുടുംബങ്ങളെ കൂടെ നിർത്താനാണ് ശ്രമം. ഇതിനായുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ക്രിസ്തുമസിന് കേക്കുമായി ക്രിസ്ത്യൻ കുടുംബങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാലിത് നടന്നില്ല. ഇതിെൻറ തുടർച്ചയായി അടുത്ത വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ സ്വന്തം വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാനാണ് ഇന്നത്തെ യോഗം. ഡൽഹിയിൽ മലയാളി മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ ഒന്നര കോടി ആളുകൾക്ക് സൗജന്യമായി കേന്ദ്രം അഞ്ച് കിലോ അരി നൽകുന്നുണ്ട്. എനാൽ, ഇത് പിണറായിയുടെ അരിയാണെന്നാണ് ജനം വിശ്വസിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി വിജയിക്കാൻ കഴിയുമെന്നാണ് സംസ്ഥാന പ്രഭാരികൂടിയായ പ്രകാശ് ജാവദേക്കറുടെ കണക്ക് കൂട്ടൽ.
മോദിക്ക് കേരളത്തിൽ 36 ശതമാനത്തിന്റെ പിന്തുണയുണ്ടായിട്ടും 12 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളൂവെന്ന് പ്രകാശ് ജാവദേക്കർ പറയുന്നു. വൈകാതെ കേരളത്തിൽ ബി.ജെ.പി ഒരു നിർണായക ശക്തിയാകുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇന്ന് നടക്കുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, വിദേശകാര്യമന്ത്രി വി. മുരളീധരൻ എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.