മഞ്ചേശ്വരം (കാസർകോട്): മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ജയ് ശ്രീറാം വിളിയുമായി ബി.ജെ.പി പ്രതിനിധി. ഇതിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ അല്ലാഹു അക്ബർ വിളിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
17ാം വാർഡ് അടുക്കയിൽ നിന്ന് വിജയിച്ച ബി.ജെ.പി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ ബി. കിഷോർ കുമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിക്കഴിഞ്ഞ ഉടനെയാണ് മൈക്കിലൂടെ ജയ് ശ്രീറാം വിളിച്ചത്. ഈ സമയം വേദിയിലുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവരുകയും അല്ലാഹു അക്ബർ വിളിക്കുകയുമായിരുന്നു. തുടർന്ന് മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് ടി.എ. മൂസ ഇടപെട്ട് പ്രവർത്തകരെ അനുനയിപ്പിച്ചു. പിന്നീട് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിച്ചു. കിഷോർ കുമാർ അടക്കം നാലു പേരാണ് പഞ്ചായത്തിൽ ബി.ജെ.പി അംഗങ്ങൾ.
സത്യപ്രതിജ്ഞക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും മതസൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതുമാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗോൾഡൻ മൂസക്കുഞ്ഞി വരണാധികാരിക്ക് പരാതി നൽകി. ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പ്രതിഷേധം ഉയരണമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.