പ്രിയങ്കക്കെതിരായ ബി.ജെ.പി ആരോപണം തള്ളി; നാമനിര്‍ദേശപത്രിക സ്വീകരിച്ചു

കൽപറ്റ: ബി.ജെ.പി ആവശ്യം തള്ളിയ വരണാധികാരി കൂടിയായ ജില്ല കലക്ടർ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു. നാല് സെറ്റ് പത്രികയാണ് പ്രിയങ്ക വരണാധികാരിക്ക് സമർപ്പിച്ചിരുന്നത്.

പ്രിയങ്കയുടെ സ്വത്തുവിവരം പൂർണമല്ലെന്ന പരാതിയുമായി ബി.െജ.പി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെടുകയും ചെയ്തു. പത്രികയിൽ ഗുരുതരമായ ചില കാര്യങ്ങൾ ഒളിച്ചുവെച്ചു. സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്തിയിട്ടില്ല. എ.ജെ.എൽ കമ്പനിയിൽ പ്രിയങ്കക്കുള്ള ഓഹരി കാണിച്ചിട്ടില്ല. റോബർട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും അപൂർണമാണ്. പത്രികക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി‍.

നാമനിർദേശപത്രിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ വിവരിച്ചത്. സത്യവാങ്മൂലം പ്രകാരം 11.98 കോടിയുടെ സ്വത്താണ് ആകെയുള്ളത്. ബാങ്ക് നിക്ഷേപവും സ്വര്‍ണവുമായി 4,24,78,689 രൂപയുടെ ആസ്തിയുണ്ട്. ബാങ്ക് നിക്ഷേപം, ഓഹരി വിപണിയിൽ നിക്ഷേപിച്ച പണം, പി.പി.എഫ് എന്നിവയില്‍ അടക്കമുള്ള തുകയാണിത്. രണ്ടിടത്ത് നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്.

അഞ്ച് വര്‍ഷത്തിനിടെ പ്രിയങ്കയുടെ വരുമാനത്തില്‍ 13 ലക്ഷം രൂപയുടെ കുറവുണ്ടായി. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വരുമാനത്തില്‍ 40 ലക്ഷം രൂപയുടെ കുറവും ഉണ്ടായിട്ടുണ്ട്. 37,91,47,432 രൂപയാണ് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ആസ്തി. പ്രിയങ്ക ഗാന്ധിക്ക് ഡല്‍ഹി ജന്‍പഥ് എച്ച്.ഡി.എഫ്.സി ബാങ്കില്‍ 2,80,000 രൂപയുടെയും യൂകോ ബാങ്കില്‍ 80,000 രൂപയുപടെയും നിക്ഷേപമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ള പണം 52,000 രൂപയാണ്. തെരഞ്ഞെടുപ്പിന് വേണ്ടി തുറന്ന കനറ ബാങ്ക് കല്‍പറ്റ ബ്രാഞ്ചിലെ അക്കൗണ്ടില്‍ 5,929 രൂപയുടെ നിക്ഷേപവും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

മ്യൂച്ച്വല്‍ ഫണ്ടില്‍ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടില്‍ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്. ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സി.ആര്‍.വി കാര്‍ പ്രിയങ്കയുടെ പേരിലാണ്. 15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത പ്രിയങ്കക്കുണ്ട്. റോബര്‍ട്ട് വാദ്രക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.

Tags:    
News Summary - BJP rejects allegations against Priyanka Gandhi; Nomination papers accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.