കല്‍പറ്റ: രാജ്യത്ത് മുസ്‌ലിംകളെ ഇല്ലാതാക്കാനാണ് ബി.ജെ.പിയുടെ ആസൂത്രിത ശ്രമമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ഓഫിസ് മന്ദിരം (പി. ബിജു സ്മാരക യൂത്ത് സെന്റര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ത്യയിലേത്. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ തെരഞ്ഞുപിടിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കുകയാണ്.
ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്‍മാരാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും പാടില്ല. ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നതുപോലെ പ്രവര്‍ത്തിക്കണം എന്ന നിലയിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നത്.
കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് ഹിന്ദുത്വ ആശയം. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കേരളത്തില്‍ ബി.ജെ.പിയും എസ്.ഡി.പി.ഐയും കലാപത്തിന് ശ്രമിക്കുകയാണ്. പൊലീസ് ജാഗ്രത പാലിച്ചതുകൊണ്ടാണ് പാലക്കാട് വര്‍ഗീയകലാപനീക്കം തടയാനായതെന്നും കോടിയേരി പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പി. ബിജുവിന്റെ ചിത്രം മുന്‍ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് അനാച്ഛാദനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ട്രഷറര്‍ എസ്.കെ. സജീഷ്, സി.പി.എം സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രന്‍, സി.പി.എം നേതാക്കളായ പി.വി. സഹദേവന്‍, വി. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖ് സ്വാഗതവും സംസ്ഥാന സമിതിയംഗം എം.വി. വിജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.