​ശ്രീനാരായണ ഗുരുവിനെ ചുവപ്പുടുപ്പിക്കാൻ നോക്കേണ്ടെന്ന്​ ബി.ജെ.പി

കോട്ടയം: ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ചത് വിവാദമായ സാഹചര്യത്തിൽ അതിനെ ന്യായീകരിച്ച്​ കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. നാരായണഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹത്തെ ആരും ചുവപ്പുടുപ്പിക്കാൻ നോക്കേണ്ടെന്നും ഇരുവരും പ്രതികരിച്ചു. പുതുപ്പള്ളിയിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ.

‘സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബി.ജെ.പി കേരളത്തിന്‍റെ പ്രണാമം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചത്. ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്ന് പറയുന്നതിൽ ആർക്കാണ് തർക്കമുള്ളതെന്ന്​ വി. മുരളീധരൻ ചോദിച്ചു. അദ്ദേഹം പിന്നെ മതേതര സന്യാസിയാണോ. സന്യാസമെന്ന്​ പറയുന്നത് ഭാരതത്തിന്‍റെ പരമ്പരാഗത ആചാരത്തിന്‍റെ ഭാഗമാണ്. അതിൽ തർക്കമൊന്നുമില്ല. സി.പി.എം സന്യാസിയാണോ ഗുരുദേവൻ-അദ്ദേഹം ചോദിച്ചു.

ഗുരുദേവൻ സന്യാസിയല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന്​ കെ. സുരേന്ദ്രൻ ചോദിച്ചു. അദ്ദേഹം ഹിന്ദുമത ആചാര്യനാണ്. സാമൂഹിക പരിഷ്കർത്താവാണ്. ഗുരുദേവനോളം പണ്ഡിതനായ ഒരു സന്യാസിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BJP Stand on sreenarayana Guru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.