തൃശൂർ: കൊടകരയിലെ കുഴൽപണ കവർച്ച കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനോട് അന്വേഷണസംഘം ചോദിച്ചത് ആകെ 108 ചോദ്യങ്ങൾ. ഒരു മണിക്കൂറും 20 മിനിറ്റുമെടുത്ത ചോദ്യം ചെയ്യലിൽ, പല ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. പണം കൊണ്ടുവന്ന ധർമരാജനെ അറിയാമെന്ന് സുരേന്ദ്രൻ അന്വേഷണ സംഘത്തോട് സമ്മതിച്ചു. കേസിൽ ബി.ജെ.പിക്ക് ബന്ധമുണ്ടോ എന്നറിയാൻ ചോദ്യങ്ങൾ തയാറാക്കിയിരുന്നു.
38 പ്രധാന ചോദ്യങ്ങളാണുണ്ടായിരുന്നത്. ഒാരോന്നിനും ഉത്തരം പറയാൻ ഒരു മിനിറ്റും അനുവദിച്ചിരുന്നു. മറുപടിയെ അടിസ്ഥാനമാക്കി തത്സമയം അനുബന്ധ ചോദ്യങ്ങളുമുണ്ടായി. ഇവയടക്കം ആകെ 108 ചോദ്യങ്ങൾക്കാണ് സുരേന്ദ്രനിൽനിന്ന് അന്വേഷണ സംഘം മറുപടി തേടിയത്. ചിലതിന് അറിയില്ലെന്നായിരുന്നു മറുപടി. പണം കൊണ്ടുവന്നയാളും പരാതിക്കാരനുമായ ധർമരാജനെ കണ്ടിട്ടുണ്ടെന്നും പരിചയമുണ്ടെന്നും മറുപടി നൽകി.
കവർച്ച ചെയ്യപ്പെട്ട പണവുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെൻറ അറിവോടെ പാർട്ടി തൃശൂരിലേക്ക് പണമെത്തിച്ചിട്ടില്ല. പിടികൂടിയ പണവുമായി പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടോ എന്നറിയില്ലെന്നും ഉണ്ടാകാനിടയില്ലെന്നും സുേരന്ദ്രൻ പറഞ്ഞു. തൃശൂർ പൊലീസ് ക്ലബിൽ രാവിലെ 10.30ന് എത്തിയ സുരേന്ദ്രനെ 11ഓടെയാണ് ചോദ്യം ചെയ്യാൻ തുടങ്ങിയത്.
12.20ന് പുറത്തിറങ്ങിയ സുരേന്ദ്രൻ ചോദ്യം ചെയ്യലിനെ പരിഹസിച്ചു. എന്തൊക്കെയാണ് ചോദിച്ചതെന്ന് അവർക്കും തനിക്കും അറിയില്ലെന്നായിരുന്നു പ്രതികരണം. മൊബൈൽ കാൾ ലിസ്റ്റ് ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളോടെയാണ് സുരേന്ദ്രനെ അന്വേഷണസംഘം നേരിട്ടത്. മൊഴിയെടുക്കൽ പൂർണമായും വിഡിയോയിൽ പകർത്തി. ആവശ്യമായ വിവരങ്ങൾ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്. വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിച്ചിട്ടില്ല. 26നകം കുറ്റപത്രം നൽകാനാണ് തീരുമാനം. സുരേന്ദ്രെൻറ മൊഴിയുൾപ്പെടെ പരിശോധിക്കാൻ അന്വേഷണസംഘം യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.