അച്ചടക്കലംഘനം; എമ്പുരാനെതിരെ ഹരജി നൽകിയ നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി

'അച്ചടക്കലംഘനം'; എമ്പുരാനെതിരെ ഹരജി നൽകിയ നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി

കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയ ബി.ജെ.പി നേതാവിന് സസ്പെൻഷൻ. ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റിയംഗം വിജേഷിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് സസ്‌പെന്‍ഷൻ. പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വിജീഷ് ഹരജി നൽകിയതെന്ന് ബി.ജെ.പി സിറ്റി മണ്ഡലം അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ നിലപാട് തന്നെയാണ് ബി.ജെ.പിയുടേതെന്നും ജസ്റ്റിന്‍ ജേക്കബ് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് വിജീഷ് പറഞ്ഞു. എമ്പുരാനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വിജീഷ് വ്യക്തമാക്കി. സിനിമക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് അറിയിച്ചു. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതുമാണെന്നും മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ കാരണമാകുമെന്നും വിജേഷ് ഹരജിയിൽ ആരോപിച്ചു.

ദേശീയ അന്വേഷണ ഏജൻസികളെ ഉൾപ്പെടെ ചിത്രത്തിൽ വികലമായി അവതരിപ്പിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി പരാമർശിക്കുന്നു, മതസ്പർധ വളർത്താൻ കാരണമാകുന്നു, ഗോധ്ര കലാപത്തെ അടക്കം തെറ്റായി ദൃശ്യവത്കരിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് ചിത്രത്തിനെതിരെ ഉയർത്തിയത്. മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും മതവൈരവും ഉയർത്താൻ കാരണമാകും. ഈ സാഹചര്യത്തിൽ ചിത്രത്തിന്‍റെ പ്രദർശനം നിർത്തണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം.

Tags:    
News Summary - BJP suspends leader who filed petition against Empuran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.