പാലക്കാട്ടെ തോൽവിയും വോട്ട് ചോർച്ചയും: ​അധ്യക്ഷ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രൻ

കോഴിക്കോട്: പാലക്കാട്ടെ തോൽവിയുടെയും വോട്ട് ചോർച്ചയുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് ബി.ജെ.പി സ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ കെ. സുരേന്ദ്രൻ സന്നദ്ധത അറിയിച്ചായി സൂചന. ദേശീയ പ്രസിഡന്റ് ജെപി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ. സുരേന്ദ്രൻ അറിയിച്ചിരിക്കയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് സുരേന്ദ്രൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ബി.ജെ.പിയിൽ കെ. സുരേന്ദ്രനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. അടിയന്തര കോർകമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിരുന്നു. പരാജയത്തിൽ കെ. സുരേന്ദ്രനെ, വി. മുരളീധരനും കൈവിട്ടിരുന്നു. കെ. സുരേന്ദ്രനും – വി. മുരളീധരനും തമ്മിൽ കുറച്ചുനാളായി അകൽച്ചയിലാണ്.

സുരേന്ദ്രനെതിരായ നീക്കങ്ങൾക്ക് വി. മുരളീധരൻ നിശബ്ദ പിന്തുണ നൽകുന്നതായാണ് സൂചന. ​തനിക്കെതിരെയുണ്ടാകാനിടയുള്ള ചർച്ചകൾ അവസാനിപ്പിക്കാനാണ് സുരേ​ന്ദ്രൻ രാജി സന്നദ്ധത അറിയിച്ചതി​ന് പിന്നിലെന്ന് പറയുന്നവരും ഏറെയാണ്. ശോഭാസുരേന്ദ്രനും അനുകൂലികളും പാലക്കാട് പാലം വലിച്ചതായാണ് സു​േ​രന്ദ്രൻ വിഭാഗം മുന്നോട്ട് വെക്ക​ുന്നത്.

പാലക്കാട്ടെ പരാജയത്തിന് പിന്നിൽ സംസ്ഥാന അധ്യക്ഷനെതിരായ നീക്കം കൂടിയാണെന്ന വാദമാണ് സുരേന്ദ്രൻ പക്ഷപാതികൾ പറയുന്നത്. പാലക്കാട്ടെ തോൽവി ബി.ജെ.പി കേരള ഘടകത്തിൽ നാളിതുവരെ ഇല്ലാത്ത തർക്കത്തിന് തിരികൊളുത്തി കഴിഞ്ഞു​. 

Tags:    
News Summary - BJPs defeat and vote leakage in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.