തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ആരോപണവിധേയനായ ബി.ജെ.പി സഹകരണസെൽ മുൻ കണ്‍വീനർ ആർ.എസ്. വിനോദ് വിജിലൻസിന് മുന്നിൽ മൊഴിമാറ്റി. പാർട്ടി അന്വേഷണസമിതിക്ക് മുന്നിൽ നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്തമായാണ് വിനോദ് വിജിലൻസിനോട് പറഞ്ഞത്. ഇതോടെ വിജിലൻസ് അന്വേഷണം തന്നെ വഴിമുട്ടുമെന്നാണ് സൂചന.
വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം ലഭിക്കാൻ 5.60 കോടി കൈപ്പറ്റുകയും അത് ഇടനിലക്കാരനിലൂടെ ഹവാലയായി ഡൽഹിയിൽ സതീഷ് നായർക്ക് കൈമാറിയെന്നുമുള്ള ആരോപണം അപ്പാടെ നിരാകരിക്കുകയാണ് വിനോദ് ചെയ്തത്. ഇതിന് പിന്നിൽ യാതൊരു അഴിമതിയും ഇല്ലെന്നും ബി.ജെ.പിക്കോ നേതാക്കൾക്കോ ബന്ധമില്ലെന്നുമുള്ള മൊഴിയാണ് വിനോദിേൻറത്. കൺസൾട്ടൻസി തുകയായി 25 ലക്ഷം കൈപ്പറ്റിയെന്നും അത് സതീഷ് നായർക്ക് കൈമാറിയെന്നും വിനോദ് വിശദീകരിച്ചു.
തനിക്ക് യാതൊരു കൺസൾട്ടൻസിയുമില്ലെന്നും കണ്‍സൾട്ടൻസി ഇടപാടുകൾ നടത്തിയത് സതീഷ് നായരാണെന്നും വിനോദ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ കോളജ് അനുവദിക്കാൻ വിനോദിന് 5.60 കോടി രൂപ നൽകിയെന്നായിരുന്നു ബി.ജെ.പി നിയോഗിച്ച അന്വേഷണസമിതിയുടെ കണ്ടെത്തൽ. ഇൗ റിപ്പോർട്ട് വന്നതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും അന്വേഷണം ആരംഭിച്ചതും. പരാതിക്കാരനായ നഗരസഭ മുൻ കൗൺസിലർ എ.ജെ. സുക്കാർണോ, പണം കൈമാറിയെന്ന് പറയപ്പെടുന്ന വർക്കല എസ്.ആർ കോളജ് ഉടമ ആർ. ഷാജി, വിനോദ് എന്നിവരിൽനിന്നാണ് വിജിലൻസ് മൊഴി രേഖപ്പെടുത്തിയത്.
ഷാജി, വിനോദ് എന്നിവരുടെ മൊഴികൾ പാർട്ടി സമിതിക്ക് മുന്നിൽ നൽകിയതിൽനിന്ന് വ്യത്യസ്തമാണ്. കൺസൾട്ടൻസി തുക മാത്രമാണ് കൈമാറിയതെന്നാണ് ഇരുവരും പറയുന്നത്.
അതാണ് വിജിലൻസിനെ വെട്ടിലാക്കുന്നതും. കൺസൾട്ടൻസി തുകയായി പണം നൽകിയാൽ അത് അഴിമതിയുടെ നിർവചനത്തിൽ വരില്ല. മൊഴിമാറ്റങ്ങൾ ബി.ജെ.പിക്കും ആശ്വാസം നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.