പെട്രോള്‍ പമ്പുകള്‍ വഴിയും പണം വെളുപ്പിക്കുന്നു

കാസര്‍കോട്: സ്വകാര്യ മേഖലയില്‍ പഴയനോട്ട് സ്വീകരിക്കാന്‍ അവസരം നല്‍കിയ പെട്രോള്‍ പമ്പുകള്‍ വഴിയും കള്ളപ്പണം വെളുപ്പിക്കുന്നു. പമ്പുകളില്‍ എത്തുന്ന പുതിയ രണ്ടായിരത്തിന്‍െറ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോകാതെ പുറത്തുള്ള കള്ളപ്പണം മാറ്റിനല്‍കാന്‍ ഉപയോഗിക്കുന്നതുവഴിയാണ് ഇതു സംഭവിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.

അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലാണ് കേരളത്തിലെ പമ്പുകളില്‍ നടക്കുന്ന ശരാശരി വ്യാപാരം. 2000 രൂപ എ.ടി.എം വഴിയും 24000 രൂപ ബാങ്ക് വഴിയും വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ പമ്പുകളില്‍ 10 ശതമാനം പുതിയ പണമത്തെുന്നുണ്ട്. 50000 രൂപയുടെ പുതിയ കറന്‍സി ഒരു പമ്പുവഴി വെളുപ്പിച്ചാല്‍ രാജ്യത്തെ അമ്പതിനായിരത്തിനടുത്ത് വരുന്ന ആകെ പമ്പുകളിലൂടെ  വലിയ തുക വെളുപ്പിക്കപ്പെടുമെന്ന് ആദായ നികുതി അധികൃതര്‍ പറയുന്നു.

പുതിയ 2000ത്തിന്‍െറ നോട്ട് വിപണിയില്‍ ഇറങ്ങിയതിനുശേഷം പമ്പുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2000ത്തിന്‍െറ  ഒരു നോട്ടുപോലും വരവുവെച്ചിട്ടില്ളെന്ന് കാസര്‍കോട് നഗരത്തിലെ പ്രമുഖ ബാങ്കിന്‍െറ മാനേജര്‍ പറയുന്നു. നോട്ട് പ്രശ്നം വന്നശേഷം ജില്ലയിലെ ഒരു പമ്പില്‍ 50000 രൂപയുടെ പുതിയ നോട്ടുകള്‍  വീതം ലഭിച്ചിരുന്നെങ്കിലും ഈ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചത് പഴയ നോട്ടായായിരുന്നു.

എത്ര തുകയും പമ്പുടമകള്‍ക്ക് നിക്ഷേപിക്കാം, ഡിക്ളറേഷന്‍ നല്‍കിയാല്‍ മതി. കൈയിലെ പഴയ നോട്ടുകളൊക്കെ ആദ്യ ദിവസങ്ങളില്‍ തന്നെ ബാങ്കുവഴി മാറ്റിയെടുത്ത സാധാരണക്കാരില്‍നിന്നാണ് പുതിയ നോട്ടുകള്‍ പമ്പുകളില്‍ എത്തിയത്.  ‘ഒരു ദിവസം ഒരു പമ്പില്‍  50000 മാത്രം വെളുത്താല്‍ ഒരു ദിവസം രാജ്യത്ത് 300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാം.

പത്ത് ദിവസത്തെ തുക വഴി മൂവായിരം കോടി രൂപ വെളുക്കുമെന്ന് ഒരു ആദായ നികുതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന സ്ഥലങ്ങളില്‍ സ്വീകരിക്കുന്നത് പഴയതോ പുതിയതോ എന്ന് രേഖപ്പെടുത്താന്‍ മാര്‍ഗമില്ല. 

കാസര്‍കോട്ട് 2000 രൂപയുടെ ആറുലക്ഷവും കൊച്ചിയില്‍ പത്തുലക്ഷവും രേഖകളില്ലാത്ത കറന്‍സി പിടികൂടിയിരുന്നു. ഇവയുടെ ഉറവിടം പമ്പുകളോ ബാങ്ക് മാനേജര്‍മാരോ ആകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.  30 ശതമാനം കമീഷനിലാണ് പുതിയ നോട്ട് കൈമാറുന്നത്.

 

Tags:    
News Summary - black money to white through petrol pumbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.