വരാപ്പുഴയിൽ പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം; ഒരാൾ മരിച്ചു

കൊച്ചി/വരാപ്പുഴ: എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരു മരണം. മൂന്ന് കുട്ടികളുൾെപ്പടെ ആറുപേർക്ക് ഗുരുതര പരിക്ക്. ഒരാളുടെ നില അതിഗുരുതരം. വരാപ്പുഴ മുട്ടിനകം ഈരയിൽ ഡേവിസാണ് (55) വൈകീട്ട് അഞ്ചോടെയുണ്ടായ അപകടത്തിൽ മരിച്ചത്. പടക്കക്കടയുടമ ഈരയിൽ വീട്ടിൽ ജാൻസൺ (38), സമീപവാസി കൂരൻ വീട്ടിൽ മത്തായി (65), സ്ഫോടനമുണ്ടായ കെട്ടിടത്തോട് ചേർന്ന വീട്ടിലെ താമസക്കാരായ തുണ്ടത്തിൽ വീട്ടിൽ ഫ്രഡീന (30), മക്കളായ എസ്തർ (ഏഴ്), എൽസ (അഞ്ച്), ഇസബെല്ല (മൂന്ന്), സ്ഥാപനത്തിലെ ജീവനക്കാരനായ നീരജ് (38) എന്നിവർക്കാണ് പരിക്കേറ്റത്.

പടക്കം സൂക്ഷിക്കാനായി രണ്ടുവർഷം മുമ്പ് വാടകക്കെടുത്ത മുട്ടിനകത്തെ ഒറ്റനില പടക്ക സംഭരണശാലയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. ഇതോട് ചേർന്ന കെട്ടിടത്തിലാണ് 50 വർഷത്തോളമായി പടക്കനിർമാണശാല പ്രവർത്തിക്കുന്നത്. പരിക്കേറ്റ ജാൻസണിന്‍റെ മുത്തച്ഛനാണ് സ്ഥാപനം തുടങ്ങിയത്. സ്ഫോടനത്തെ തുടർന്ന് പടക്കം സൂക്ഷിച്ചിരുന്ന വീട് പൂർണമായും കത്തിയമർന്നു. പടക്കനിർമാണശാലയും ഏറക്കുറെ പൂർണമായും തകർന്നു. സ്ഫോടനത്തിന്‍റെ പ്രകമ്പനം അഞ്ചുകിലോമീറ്ററോളം വ്യാപ്തിയിൽ പ്രകടമായി. മരിച്ച ഡേവിസ് ജാൻസണിന്‍റെ പിതൃസഹോദരനാണ്. പടക്കശാലയുമായി ബന്ധപ്പെട്ട് സഹായിയായി പ്രവർത്തിച്ചുവരുകയായിരുന്നു.

സ്ഫോടനത്തിന്‍റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് ആദ്യ നിഗമനം. സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ തൊട്ടടുത്ത വീട്ടിലെ താമസക്കാരാണ് ഫ്രഡീനയും കുടുംബവും. ചിന്നിച്ചിതറിയ ജനൽച്ചില്ലുകളും മറ്റും ദേഹത്ത് തറച്ചും പ്രകമ്പനത്തിൽ വീടിനുണ്ടായ കേടുപാടിലുമാണ് ഇവർക്ക് പരിക്കേറ്റത്.

ദേശീയപാതയിൽനിന്ന് രണ്ട് കിലോമീറ്ററോളം അകത്തേക്ക് മാറി ജനനിബിഡമായിടത്താണ് സ്ഫോടനമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പരിക്കേറ്റ മത്തായിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് വാടകക്കെടുത്ത് പ്രവർത്തിപ്പിച്ചിരുന്നത്. വിവരമറിഞ്ഞതിനെത്തുടർന്ന് അഗ്നിരക്ഷാസേനക്കും പൊലീസിനും ഇവിടേക്ക് എത്തിപ്പെടാൻ ഏറെ പണിപ്പെടേണ്ടി വന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടക്കുന്നതിനിടയിലും അവശിഷ്ടങ്ങൾക്കിടയിൽനിന്ന് വീണ്ടും പൊട്ടിത്തെറിയുണ്ടായി. ഏറെനേരത്തെ ശ്രമഫലമായാണ് തീയണക്കാനായത്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഡേവിസിനെ പരിക്കുകളോടെ കണ്ടെത്തി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

സമീപത്തെ 20ഓളം വീടുകളുടെ വാതിൽ, ജനലുകൾ തകർന്നെങ്കിലും ജാൻസണിന്‍റെ വീടിനെ കാര്യമായി ബാധിച്ചില്ല. അപകടം നടന്ന കെട്ടിടത്തിന്‍റെ പിന്നിലാണ് ജാൻസണിന്‍റെ വീട്. പല വീടുകളുടെയും ചുവരുകളിൽ ചിന്നൽ വീണിട്ടുണ്ട്.

Tags:    
News Summary - blast in fireworks factory varapuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.