കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം മോചിതനായി തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തന്റെ റോൾസ്റോയ്സ് കാറിന്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം.
2006ൽ 26-ാം വയസ്സിലാണ് റഹീമിനെ ജയിലിലടച്ചത്. കഴുത്തിന് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകനെ പരിചരിക്കുന്ന ജോലിയാണ് റഹീം ചെയ്തിരുന്നത്. ഈ കുട്ടിക്ക് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24ന് കുട്ടിയെ കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ബോധരഹിതനായ കുട്ടി പിന്നീട് മരിക്കുകയുമായിരുന്നു.
കൊലപാതക്കുറ്റം ചുമത്തിയതിനെ തുടർന്ന് കഴിഞ്ഞ 18 വർഷമായി ജയിലിലാണ് റഹീം. ശിക്ഷ ഒഴിവാക്കാൻ കുടുംബം 34 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ഈ തുക ലോകമെമ്പാടുമുള്ള മലയാളികൾ ഒറ്റക്കെട്ടായി ചേർന്ന് സമാഹരിച്ചു. ഇത്രയും വലിയ ഉദ്യമത്തിൽ പങ്കാളിയായതിൽ അഭിമാനമുണ്ടെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാനമായും ധനം സമാഹരിച്ചത്. ഇതുവഴി 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് കോഴിക്കോട് ഫറോക്ക് കോടമ്പുഴയിലുള്ള റഹീമിന്റെ വീട്ടിലെത്തിയിരുന്നു. ഇത് പ്രകാരം മൊത്തം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നൽകിയ ഒരു കോടി രൂപ ഉൾപെടെയാണ് വമ്പൻ ലക്ഷ്യത്തിലേക്ക് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
പണ സമാഹരണം വെള്ളിയാഴ്ച ഉച്ചയോടെ 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് നാലു കോടി രൂപ കൂടി ലഭിച്ചത്. ചൊവ്വാഴ്ചയാണ് പണം നൽകാനുള്ള അവസാന തീയതി. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകീട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34 കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇവിടെ പിരിച്ചെടുത്ത പണം ഇന്ത്യൻ എംബസി വഴി സൗദിയിലെത്തിക്കും. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
വധശിക്ഷയും അതിനുപകരം പാരിതോഷികവുമെന്നുള്ളത് സൗദി സർക്കാറുമായി നേരിട്ടു ബന്ധമില്ലാത്ത വിഷയമായതിനാൽ ഔദ്യോഗികമായി ഇടപെടാൻ പരിമിതികളുണ്ടെന്നാണ് സൗദി അധികൃതരിൽനിന്ന് ലഭിച്ച വിവരം. നഷ്ടപരിഹാര തുക ആവശ്യപ്പെട്ടത് ഒരു കുടുംബമാണെന്നും ഇത് ഭരണകൂടത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് സൗദി അധികൃതരുടെ വെളിപ്പെടുത്തൽ. എങ്കിലും മോചനവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്തുതരാൻ തയാറാണെന്ന് റിയാദിലെ മലയാളികൾക്ക് സൗദി അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.