Representational Image

കണ്ണൂർ കാക്കയങ്ങാട്ട് വീട്ടിൽ സ്ഫോടനം; ദമ്പതികൾക്ക് പരിക്ക്

ഇരിട്ടി: കാക്കയങ്ങാട് ആയിച്ചോത്ത് വീട്ടിലുണ്ടായ സ്ഫോടനത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കാക്കയങ്ങാട് ആയിചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കിലെ മുക്കോലപറമ്പത്ത് ഹൗസിൽ എ.കെ. സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീടിന്റെ അടുക്കളയുടെ പിറകുവശത്തെ മുറ്റത്താണ് സ്ഫോടനം ഉണ്ടായത്. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെയും ലസിതയെയും ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.

സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. രണ്ട് വർഷം മുമ്പ് സമാന രീതിയിൽ ഇതേ വീട്ടിൽ സ്ഫോടനം ഉണ്ടായിരുന്നു. മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി രാഷ്ട്രീയ പാർട്ടിക്കാർ അവസാനിപ്പിക്കണം -മുസ്‍ലിം ലീഗ്

കാക്കയങ്ങാട് അയിച്ചോത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മുസ്‍ലിം ലീഗ് ആവശ്യപ്പെട്ടു. നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥന്റെ വിരൽ അറ്റുപോകുകയും ചെയ്തിരുന്നു. പൊലീസിന്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ സ്ഫോടനം ആവർത്തിക്കുന്നത്.

സമാധാനം നിലനിൽക്കുന്ന കാക്കയങ്ങാട് പ്രദേശത്ത് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി രാഷ്ട്രീയ പാർട്ടിക്കാർ അവസാനിപ്പിക്കണമെന്നും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ സമാധാന കാംക്ഷികളോടുള്ള വെല്ലുവിളിയാണെന്നും മുസ്‍ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എം മജീദ്, ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ എന്നിവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Bomb blast at house in Kannur; Injury to the couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.