ഏച്ചൂർ: പയ്യാമ്പലത്തെ മണൽത്തരികൾ സാക്ഷി, ആ അച്ഛനും മകനും ഒരു നാടിനെയാകെ കരയിച്ച് ചിതയിലമർന്നു. ബുധനാഴ്ച രാവിലെ നീന്തൽ പരിശീലനത്തിനിടെ മുങ്ങി മരിച്ച ചേലോറ സ്കൂളിന് സമീപം 'ചന്ദ്രകാന്തം' ഹൗസിൽ ഷാജിയുടെയും മകൻ കെ.വി. ജ്യോതിരാദിത്യന്റെയും(16) കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും നാടിന്റെയും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലികളോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.
പോസ്റ്റ്മോർട്ടത്തിന് ശേഷം കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടോടെ പന്നിയോട്ട് തറവാട്ട് വീട്ടിലാണ് ആദ്യം പൊതുദർശനത്തിനുവെച്ചത്. ഷാജിയുടെ അമ്മ കമലാക്ഷിയടക്കം ഉറ്റവർ വിട ചൊല്ലാൻ എത്തിയ നിമിഷം കൂടിനിന്നവരെല്ലാവരെയും ദുഃഖത്തിലാഴ്ത്തി.
തുടർന്ന് ഇരുവരുടെയും ഭൗതിക ശരീരവും വഹിച്ച് ആബുംലൻസുകൾ ഏച്ചൂരിലേക്ക് പുറപ്പെട്ടപ്പോൾ അത് വിലാപയാത്രയായി മാറി. ഏച്ചൂർ ബാങ്കിന് മുൻവശം റോഡിന് ഇരുവശത്തായി പ്രിയപ്പെട്ടവരെ കാണാനും അന്ത്യോപചാരം അർപ്പിക്കാനും ആയിരങ്ങൾ കാത്തുനിന്നു. ഏച്ചൂരിലെ പൊതുദർശനത്തിന് ചേലോറയിലെ സ്വന്തം വസതിയായ ചന്ദ്രകാന്തത്തിൽ എത്തിയപ്പോൾ കണ്ടു നിന്നവർക്ക് കരളലിയിക്കുന്ന കാഴ്ച്ചയായിരുന്നു. ഭർത്താവിന്റെ മകന്റെയും മൃതദേഹത്തിൽ അന്ത്യചുംബനം നൽകാൻ ഷാജിയുടെ ഭാര്യ ഷംനയും ഇളയ മകൻ ജഗത് വിഖ്യാതും എത്തിയപ്പോൾ ആർക്കും ആരെയും ആശ്വസിപ്പിക്കാനാവാത്ത അവസ്ഥയിലായി.
ചേലോറ ഹയർ സെക്കൻഡറി സ്കൂളിലും മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെച്ചശേഷം പയ്യാമ്പലത്ത് ഇരുവരുടെയും ചിതക്ക് ഷാജിയുടെ ഇളയ മകൻ ജഗത് വിഖ്യാത് തീ കൊളുത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ആദരസൂചകമായി ഏച്ചൂരിൽ ഉച്ചവരെ ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.