കോഴിക്കോട്: വയനാട് മീനങ്ങാടിയിലെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച പലരും പെരുവഴിയിൽ. ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശക്ക് സമാനമായ തുക നൽകാമെന്ന വാഗ്ദാനത്തിൽ പണം നിക്ഷേപിച്ച നിരവധി പേരാണ് മുതലും പലിശയും കിട്ടാതെ വട്ടംകറങ്ങുന്നത്.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലയിലുള്ളവരാണ് നിക്ഷേപ തുക തിരിച്ചുകിട്ടാൻ സൊസൈറ്റി അധികൃതരെ നിരന്തരം ബന്ധപ്പെടുന്നത്. 25 ലക്ഷം രൂപവരെയാണ് പലരും നിക്ഷേപിച്ചത്. ഇതിന് ആളുകളുടെ സൗകര്യത്തിനനുസരിച്ച് മാസത്തിലും ത്രൈമാസമായും വർഷത്തിലും പലിശ നൽകാമെന്നായിരുന്നു സൊസൈറ്റിയുടെ വാഗ്ദാനം. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് പലിശ ലഭിക്കുന്നത് നിലച്ചതെന്നാണ് നിക്ഷേപകർ പറയുന്നത്. പണം ആവശ്യപ്പെട്ട് സൊസൈറ്റി അധികൃതരെ ബന്ധപ്പെട്ടപ്പോൾ വരും മാസങ്ങളിൽ കുടിശ്ശിക സഹിതം നൽകുമെന്നായിരുന്നു മറുപടി.
എന്നാൽ, പിന്നെയും തുക മുടങ്ങുകയാണുണ്ടായത്. വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്നതോടെ കഴിഞ്ഞ മാർച്ച് 10ന് കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിൽ നിക്ഷേപകർ യോഗം ചേരുകയും സൊസൈറ്റി പ്രതിനിധികളെ ഇതിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച 25 ലക്ഷം രൂപ നിക്ഷേപിച്ച പൊലീസുകാരൻ യോഗത്തിൽ ആത്മഹത്യ ഭീഷണിവരെ മുഴക്കിയിട്ടും പ്രശ്നപരിഹാരത്തിനുതകുന്ന നടപടികൾ ബന്ധപ്പെട്ടവരിൽ നിന്നുണ്ടായില്ല എന്നാണ് ആക്ഷേപം. 15 ദിവസം മുമ്പേ അപേക്ഷിച്ചാൽ നിക്ഷേപ തുക തിരിച്ചുനൽകുമെന്ന് സൊസൈറ്റി അധികൃതർ വാഗ്ദാനം നൽകിയെങ്കിലും ഇതും ലംഘിക്കപ്പെട്ടതായി നിക്ഷേപകർ പറഞ്ഞു. കോഴിക്കോട്ടുനിന്നുതന്നെ കോടിക്കണക്കിന് രൂപ സൊസൈറ്റി സമാഹരിച്ചതായാണ് വിവരം. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, സ്ഥലം വിറ്റുകിട്ടിയ തുക, റിട്ടയർമെന്റ് ആനുകൂല്യം തുടങ്ങിയവയാണ് പ്രധാനമായും പലരും നിക്ഷേപിച്ചത്. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണ് എന്നതിനാൽ ഇടതുപക്ഷ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ് പണം നിക്ഷേപിച്ചവരിലേറെയും. സ്ഥാപനത്തിന്റെ വളർച്ച പാർട്ടിക്കുതന്നെ മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വിവിധ ഇടതു സംഘടനകളിൽപെട്ടവർ പണം നിക്ഷേപിച്ചത്.
അതേസമയം, നിക്ഷേപകർക്ക് കഴിഞ്ഞ ജൂലൈ വരെയുള്ള ആനുകൂല്യങ്ങൾ നൽകിയെന്നും അവശേഷിക്കുന്നത് ഉടൻ വിതരണം ചെയ്യുമെന്നും ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടി. സുകുമാരൻ നായർ പറഞ്ഞു. സർക്കാറിൽനിന്ന് ഒമ്പതുകോടി രൂപയുടെ ഫണ്ട് ലഭിക്കാനുണ്ട്. ധനമന്ത്രി ഫാക്ടറി അടുത്തിടെ സന്ദർശിച്ചു. ഫണ്ട് ലഭിക്കുന്നമുറക്ക് നിക്ഷേപകർക്ക് തുക വിതരണം ചെയ്യും. നിക്ഷേപിച്ച തുക നഷ്ടമാവില്ലെന്നും നേരിയ കാലതാമസം ഉണ്ടാവുകയേ ഉള്ളൂവെന്നും വ്യക്തമാക്കിയ അദ്ദേഹം, നബാർഡിന്റെ വലിയ രണ്ട് പ്രോജക്ടുകൾ സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.