ബ്രഹ്മപുരത്തെ തീയും പുകയും: ശുദ്ധവായു അവകാശമെന്ന് ഹൈകോടതി

കൊച്ചി: ബ്രഹ്മപുരത്തെ തീ അണക്കാൻ സമയക്രമം നിശ്ചയിച്ച് നടപടിയെടുക്കണമെന്ന് ഹൈകോടതി. ശുദ്ധവായു ജനങ്ങളുടെ അവകാശമാണ്. പൊതുജനാരോഗ്യത്തിനാണ് പരമ പ്രാധാന്യം. അതിനാൽ, പ്രശ്നപരിഹാരത്തിനുള്ള നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാനും ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു.

പ്രവർത്തനം ജനറേറ്ററിലാണെന്നും ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിൽ വാട്ടർ ഹൈഡ്രന്‍റുകൾ പ്രവർത്തിപ്പിക്കാൻ ബുധനാഴ്ച രാത്രി എട്ടിനകം വൈദ്യുതി കണക്ഷൻ നൽകാനും കോടതി നിർദേശിച്ചു. അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി കെ.എസ്.ഇ.ബിക്ക് ഇടക്കാല ഉത്തരവിലൂടെ കർശന നിർദേശം നൽകിയത്. വാട്ടർ ഹൈഡ്രന്‍റുകൾ പ്രവർത്തിപ്പിക്കാനാകാത്തത് തീ അണക്കാൻ തടസ്സമായെന്ന് കോർപറേഷൻ സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നു. തടസ്സങ്ങളില്ലാത്തവിധം പ്രത്യേക ലൈൻ മുഖേന നാലുമണിക്കൂറിനകം വൈദ്യുതി എത്തിക്കാനാണ് രണ്ടുമണിക്കൂറോളം നീണ്ട നടപടിക്കുശേഷം വൈകുന്നേരത്തോടെ കോടതി നിർദേശിച്ചത്.

സ്വമേധയാ സ്വീകരിച്ച ഹരജിയാണ് പരിഗണനയിലുള്ളത്. വിഷയത്തിൽ ഇടപെടുന്നത് പൊതുജനാരോഗ്യം പരിഗണിച്ചാണെന്നും പ്രശസ്തിക്ക് വേണ്ടിയല്ലെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ല കലക്ടർ രേണുരാജ്, കൊച്ചി കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ എന്നിവർ ഹാജരായിരുന്നു.

അന്തരീക്ഷ മലിനീകരണത്തിന്‍റെ അളവ് പരിശോധിക്കാൻ കൊച്ചി നഗരത്തിൽ നാലിടത്ത് മാത്രമാണ് സംവിധാനങ്ങളുള്ളതെന്ന് ജില്ല കലക്ടർ അറിയിച്ചപ്പോൾ, ഇത് തീർത്തും അപര്യാപ്തമാണെന്ന് കോടതി കുറ്റപ്പെടുത്തി.

തീ നിയന്ത്രണവിധേയമാണെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി ഒമ്പതിന് മാലിന്യത്തിന് വീണ്ടും തീപിടിച്ചത് ചൂണ്ടിക്കാട്ടിയ കോടതി, ഈ വാദങ്ങൾ തള്ളി. മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന വലിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാൻ കോർപറേഷൻ സെക്രട്ടറിക്ക് നിർദേശവും നൽകി. അതേസമയം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിക്കാനാവില്ലെങ്കിൽ കേന്ദ്ര ബോർഡിന്‍റെ സഹായം തേടുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ആവശ്യത്തിന് ജീവനക്കാരില്ലെന്നായിരുന്നു മലീനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്‍റെ മറുപടി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. തുടർന്ന്, വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ഹാജരായിരുന്ന ഓരോരുത്തരുടെയും നിയമപരമായ കടമകൾ ഓർമിപ്പിച്ച കോടതി പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചപ്പോഴാണ് ഇതിലെടുക്കുന്ന തീരുമാനങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്. തുടർന്ന്, ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. ഉദ്യോഗസ്ഥർ അന്നും ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Brahmapuram fire and smoke: clean air is a right -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT