കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ വഴിത്തിരിവ്. 39 ലക്ഷം രൂപ വാങ്ങി പരിപാടിയില്‍ പങ്കെടുക്കാതെ സണ്ണി ലിയോണ്‍ വഞ്ചിച്ചെന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്‍റെ പരാതി. കേസിലെ പരാതിക്കാരനായ ഷിയാസും നടിയും തമ്മില്‍ കരാറുകളൊന്നും ഇല്ലെന്ന് നടിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് മറ്റുചിലരാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സണ്ണി ലിയോൺ പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റത് വാക്കാലാണ്. പരാതിക്കാരന്‍ നടിക്ക് നേരിട്ട് പണം കൈമാറിയിട്ടില്ല. മറ്റുചിലരാണ് സണ്ണി ലിയോണിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. ഇവരാരും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി നല്‍കിയിട്ടില്ലാത്തതിനാൽ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്നതും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ക്രൈബ്രാഞ്ചിന്‍റെ നിലപാട്. എന്തുകൊണ്ടാണ് നേരത്തെ നിശ്ചയിച്ച സ്റ്റേജ് ഷോ നടക്കാതിരുന്നതെന്നും ക്രൈബ്രാഞ്ച് അന്വേഷിക്കും.
കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. പണം വാങ്ങിയെന്ന കാര്യം നടിയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും നടി പറഞ്ഞിരുന്നു. വഞ്ചനാകേസില്‍ സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോണ്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.
ഇതേ കേസില്‍ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം പൂവാറില്‍ എത്തിയാണ് അന്ന് ചോദ്യം ചെയ്തത്. ഷൂട്ടിങ് ആവശ്യത്തിനാണ് നടി പൂവാറില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.