എ.എസ്.ഐ കെ. ബിജു

വീടുണ്ടാക്കാൻ ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ പൊട്ടിച്ച പാറ നീക്കുന്നതിന് കൈക്കൂലി; എ.എസ്.ഐ അറസ്റ്റിൽ

കോട്ടയം: മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ പൊട്ടിച്ചുമാറ്റിയ പാറ നീക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ അറസ്റ്റിൽ. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിനെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്.

രാമപുരം സ്വദേശിയായ ജസ്റ്റിൻ വീട് വെക്കുന്ന സ്ഥലത്തെ പാറ മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ അനുമതിയോടെ പൊട്ടിച്ചിരുന്നു. പൊട്ടിച്ച പാറ സ്ഥലത്തുനിന്ന് നീക്കാൻ കൈക്കൂലി ആവശ്യപ്പെട്ട് എ.എസ്.ഐ ബിജു സമീപിക്കുകയായിരുന്നു. കഴിഞ്ഞ 19ന് ജസ്റ്റിനിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുക‍യും ചെയ്തു.

എന്നാൽ, പാറ നീക്കണമെങ്കിൽ വീണ്ടും 5000 രൂപ നൽകണമെന്നാവശ്യപ്പെട്ട് എ.എസ്.ഐ ബിജു ജസ്റ്റിനെ വിളിക്കുകയായിരുന്നു. ഗത്യന്തരമില്ലാതായ ജസ്റ്റിൻ ഈ വിവരം വിജിലൻസിന്‍റെ കിഴക്കൻ മേഖല എസ്.പി വിനോദ്കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നിർദേശാനുസരണം കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി ആയ വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വൈകീട്ട് ഏഴ് മണിയോടുകൂടി രാമപുരം പൊലീസ് സ്റ്റേഷന് സമീപത്ത് കാത്തുനിന്നു.

ജസ്റ്റിനിൽ നിന്ന് കൈക്കൂലിയുടെ രണ്ടാം ഗഡുവായ 5000 രൂപ വാങ്ങിയ എ.എസ്.ഐ ബിജുവിനെ സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - Bribe to remove broken rock to build house; ASI arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.