തിരുവനന്തപുരം: നിക്ഷേപകരിൽനിന്ന് ബി.എസ്.എൻ.എൽ എൻജിനീയറിങ് സഹകരണ സംഘം അധികൃതർ 44.14 കോടി രൂപ തട്ടിയെടുത്തതായി പ്രാഥമികാന്വേഷണത്തിൽ വെളിപ്പെട്ടെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. അറസ്റ്റിലായ സംഘം സെക്രട്ടറി നേമം സ്വദേശി പ്രദീപിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
1226 നിക്ഷേപകരിൽനിന്നാണ് പ്രതികൾ നിക്ഷേപം സ്വീകരിച്ചത്. തിരികെ നൽകാതെ നിക്ഷേപകരെ വഞ്ചിച്ചു. തിരുവനന്തപുരം ജോയന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് കണ്ടെത്തിയെന്ന് റിപ്പോർട്ടുള്ളതിനാൽ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമായുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾ വ്യാജമായി തയാറാക്കിയ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകളും സമാന്തര രജിസ്റ്ററുകളും കണ്ടെത്താനായില്ല.
പ്രതികൾ ഭരണസമിതി അംഗങ്ങളായ കാലം മുതലുള്ള സംഘം ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച കോടതി പ്രതിയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രോസിക്യൂഷനുവേണ്ടി മനു കല്ലമ്പള്ളി ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.