തിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പ്രധാന കേസില്‍ കക്ഷിചേരാനുള്ള കേരളത്തിന്റെ നീക്കത്തിന്റെ ഭാഗമായി വനംവകുപ്പ് കൈമാറിയ ഫയലില്‍ അഡ്വക്കറ്റ് ജനറല്‍ (എ.ജി) നിയമപരിശോധന പൂർത്തിയാക്കി. കേന്ദ്ര സര്‍ക്കാറിന്റെ കേസിലാണ് കേരളം കക്ഷിചേരുന്നത്. ഫയൽ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി സുപ്രീംകോടതി സ്റ്റാന്‍ഡിങ് കോണ്‍സലിന് കൈമാറാനാണ് നിര്‍ദേശം. രണ്ടുദിവസത്തിനുള്ളില്‍ സുപ്രീംകോടതിയിലെ അഭിഭാഷകര്‍ക്ക് കൈമാറും.
ജനുവരി മൂന്നിനോ നാലിനോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എങ്കില്‍ മാത്രമേ ജനുവരി 11ന് പ്രധാന കേസ് പരിഗണിക്കുമ്പോള്‍ കേരളത്തിന് കക്ഷിചേരാന്‍ സാധിക്കൂ. വനം-പരിസ്ഥിതി മേഖലയില്‍ വിദഗ്ധരായ അഭിഭാഷകരെ കേരളത്തിനായി നിരത്താനുള്ള നീക്കവും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗിയെ സമീപിച്ചിട്ടുണ്ട്. ഈ തീയതികളില്‍ അദ്ദേഹം വിദേശത്തായിരിക്കുമെന്നതിനാൽ ഹാജരാകാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഓൺലൈനായി സേവനം ലഭ്യമാകുമോ എന്നതും പരിഗണിക്കുന്നു. അതും നടന്നില്ലെങ്കിൽ മുതിർന്ന മറ്റ് അഭിഭാഷകരെ നിയോഗിക്കും.
നേരത്തേ കേരളം റിവ്യൂ ഹരജി ഫയല്‍ ചെയ്തപ്പോള്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്തയും കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും 2020-21ലെ സര്‍വേ റിപ്പോര്‍ട്ടും നിലവില്‍ സ്വീകരിക്കുന്ന ഫീല്‍ഡ് സര്‍വേ അടക്കം സാങ്കേതിക നടപടിക്രമങ്ങളും ഉള്‍പ്പെടെ വിവരങ്ങളാകും സുപ്രീംകോടതിയെ അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.