തിരുവനന്തപുരം: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് ആദ്യം പ്രസിദ്ധീകരിച്ച ഭൂപടത്തിലെ ആശങ്ക ഒഴിവാക്കാൻ സര്‍വേ നമ്പറുകള്‍കൂടി ഉള്‍പ്പെടുത്തി വനംവകുപ്പ് പുറത്തിറക്കിയ പുതിയ ഭൂപടത്തിലും ആശയക്കുഴപ്പം. ജനവാസകേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കി, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള കരുതൽ മേഖല ഭൂപടമാണ് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചത്. ഇതിൽ ആശയക്കുഴപ്പം കടന്നുകൂടിയ സാഹചര്യത്തിലാണ് സര്‍വേ നമ്പര്‍കൂടി ഉള്‍പ്പെടുത്തിയ ഭൂപടം ഇപ്പോൾ പുറത്തുവിട്ടത്.
പുതിയ ഭൂപടത്തിൽ റവന്യൂ ഭൂമിയിലെ കെട്ടിടങ്ങളുടെ മാത്രം സര്‍വേ നമ്പര്‍ ആണ് പ്രസിദ്ധീകരിച്ചത്. റവന്യൂ ഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് മാത്രമാണ് സര്‍വേ നമ്പരുള്ളത്. വനഭൂമിയിലെ കെട്ടിടങ്ങള്‍ക്ക് സര്‍വേ നമ്പര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇത് പ്രസിദ്ധീകരിക്കാന്‍ വനം വകുപ്പിന് കഴിയില്ല. ഇതുവരെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാത്ത കണ്ണൂരിലെ ആറളം, പാലക്കാട്ടെ അട്ടപ്പാടി, ഇടുക്കിയിലെ പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ സര്‍വേ നമ്പരും പ്രസിദ്ധീകരിച്ചിട്ടില്ല.
ഒരേ സർവേ നമ്പർതന്നെ കരുതൽ മേഖലക്ക് അകത്തും പുറത്തും വന്നിട്ടുണ്ടെന്ന പരാതികളും ഉയർന്നിട്ടുണ്ട്. കെട്ടിടങ്ങളുടെ എണ്ണവും വ്യക്തമാക്കിയിട്ടില്ല. കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഉപഗ്രഹ സര്‍വേയില്‍ സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 49,000 കെട്ടിടങ്ങള്‍ നിലവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങളില്‍ പകുതിക്കും സര്‍വേ നമ്പര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇതുള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
സൈലന്‍റ് വാലിക്കുപകരം തട്ടേക്കാട് മേഖല സര്‍വേ നമ്പരാണ് കയറിക്കൂടിയത്. ഇത് പിന്നീട് തിരുത്തി. നേരിട്ടുള്ള സര്‍വേയും ജിയോടാഗിങ് സാങ്കേതികവിദ്യ അനുസരിച്ചുള്ള സര്‍വേ നടപടികളും പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തത വരുത്താനാകൂവെന്നും വനംവകുപ്പ് പറയുന്നു.
ജനവാസകേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കി ഒരു കിലോമീറ്റര്‍വരെ കരട് കരുതൽ മേഖലയാണ് തയാറാക്കിയതെങ്കിലും ഈ പ്രദേശത്തിനകത്ത് ജനവാസകേന്ദ്രമോ നിർമിതികളോ കൃഷിയിടങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങള്‍ ജനുവരി ഏഴിനകം നല്‍കണം. eszforest@kerala.gov.inഎന്ന ഇ-മെയില്‍ വിലാസത്തിലോ ജോയന്‍റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് ബില്‍ഡിങ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ ആണ് പരാതികള്‍ അറിയിക്കേണ്ടത്.
തിരുവനന്തപുരം: കരുതൽമേഖലയുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധസമിതിയുടെ കാലാവധി നീട്ടി. ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന കാലാവധി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം.
ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) എന്നിവർ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.