കോട്ടയം: ഓരോ വില്ലേജിലെയും നാടും കാടും തമ്മിൽ വേർതിരിക്കണമെന്ന ഉത്തരവ് വന്നിട്ട് 33 വർഷം പിന്നിട്ടെങ്കിലും നടപ്പാകാത്തത് ബഫർസോൺ വിഷയത്തിൽ മലയോര കർഷകരെ കുരുക്കിലാക്കുന്നു. റവന്യൂ, വനഭൂമികൾ ഒരേ വില്ലേജ് രേഖകളിൽ ഒരുമിച്ച് കിടക്കുന്നത് വനസംരക്ഷണത്തിന് തടസ്സമാകുന്നുവെന്നത് 1980കളിൽതന്നെ സർക്കാർ തിരിച്ചറിഞ്ഞിരുന്നു.
കേരളത്തിലെ മുഴുവൻ വനാതിർത്തികളും കൃത്യമായി രേഖപ്പെടുത്തുന്നതിന് 1989 ആഗസ്റ്റ് 31ന് ജി.ഒ (എം.എസ്) 655/89 ആർ.ഡി എന്ന നമ്പറിൽ സർക്കാർ ഉത്തരവിറക്കി. റവന്യൂ വകുപ്പും വനം വകുപ്പും അതത് പ്രദേശത്തിന്‍റെ ചുമതല വഹിക്കുന്ന സർവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിമാരും വനത്തോട് ചേർന്ന ഭൂമിയുടെ ഉടമകളും ചേർന്ന് നിലവിലെ രേഖകൾ സംയുക്തമായി പരിശോധിച്ച് ഭൂമി തരംതിരിക്കണമെന്നായിരുന്നു നിർദേശം.
ജില്ല കലക്ടർമാരും ഡി.എഫ്.ഒമാരുമായിരുന്നു ഇതിന് മുൻകൈയെടുക്കേണ്ടിയിരുന്നത്. ഉത്തരവിറക്കി ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, 33 വർഷമായിട്ടും ഈ ഉത്തരവ് നടപ്പായില്ലെന്നതാണ് മലയോര കർഷകർ നേരിടുന്ന മിക്ക പ്രതിസന്ധികളുടെയും അടിസ്ഥാന കാരണം.
കേരള സർക്കാർ 1989ൽ നിർദേശിച്ച സംയുക്ത പരിശോധന കൃഷിഭൂമിയോട് ചേർന്നുകിടക്കുന്ന വനാതിർത്തികളിൽ നടത്തിയിരുന്നെങ്കിൽ കൃത്യമായി അളന്നുതിരിച്ചു ജണ്ട കെട്ടി വനം സംരക്ഷിക്കാനാകുമായിരുന്നു. നടപടികൾ പുരോഗമിക്കുന്നു എന്നതല്ലാതെ എന്ന് പൂർത്തിയാകുമെന്ന് പറയാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. വനാതിർത്തി നിർണയം, ബഫർസോൺ, പരിസ്ഥിതി ലോലമേഖല എന്നിവയുടെയൊക്കെ കാര്യത്തിൽ പ്രാഥമിക യൂനിറ്റായി കണക്കാക്കുന്നത് വില്ലേജാണ്.
വില്ലേജായിരിക്കണം ഇ.എസ്.എയുടെ അടിസ്ഥാന ഭരണഘടകമെന്നും വില്ലേജിനകത്ത് മറ്റ് ഉപവിഭാഗങ്ങൾ തരം തിരിക്കാനാവില്ലെന്നും 2015ൽ കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ട 123 വില്ലേജിലെങ്കിലും വനഭൂമിയും കൃഷിഭൂമിയും തരം തിരിച്ച് പ്രത്യേക വില്ലേജുകളാക്കിയിരുന്നെങ്കിൽ കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടുമായിരുന്നു. ഒരു വില്ലേജിൽ ഏതെങ്കിലും ഭാഗത്ത് വനം ഉൾപ്പെട്ടാൽ ആ വില്ലേജ് മുഴുവനായി വനമായി കണക്കാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.
ഈ പ്രശ്നം ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ വനം മാത്രം ഉൾപ്പെടുന്ന വില്ലേജുകൾ രൂപവത്കരിച്ചിട്ടുണ്ട്. ആർ.എഫ് (റിസർവ് ഫോറസ്റ്റ്) വില്ലേജുകൾ എന്ന് അറിയപ്പെടുന്ന ഇവയാണ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ തമിഴ്നാട്ടിലെ ഇ.എസ്.എ വില്ലേജുകളായി രേഖപ്പെടുത്തിയിരിക്കുന്നവയിൽ ബഹുഭൂരിപക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.