കൊച്ചി: കെട്ടിട നിർമാണ പെർമിറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ഇളവ് നിലവിലെ പ്രശ്നങ്ങൾ കൂട്ടുമെന്ന് ആക്ഷേപം. ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിടനിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
അതോടെ കെട്ടിടനിർമാണ പെർമിറ്റിന് ഓഫിസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിടനിർമാണ പെർമിറ്റ് ലഭിക്കുമെന്നാണ് വ്യക്തമാക്കിയത്. ചുവപ്പുനാട ഒഴിവാക്കാൻ ഓൺലൈനായി അപേക്ഷ പ്രോസസ് ചെയ്യാമെന്നതാണ് ഇതിലെ നേട്ടം. അതേസമയം, അര നൂറ്റാണ്ടായി സംസ്ഥാനം നടത്തുന്ന പ്ലാനിങ് മൊത്തത്തിൽ പൊളിക്കുകയാണ് ഈ ഭേദഗതി ചെയ്യുകയെന്നാണ് പ്രധാന ആക്ഷേപം.
ജനങ്ങളെ മനഃപൂർവം ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരാണ് നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതെങ്കിൽ അവർക്ക് ശിക്ഷ കൊണ്ടുവന്നാൽ മതിയെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ അഭിപ്രായം. നിയന്ത്രണം പൂർണമായി എടുത്തുകളഞ്ഞാൽ പ്രശ്നം കുറക്കില്ല. പകരം കൂടുതൽ സങ്കീർണമാവും. പ്ലാനും പെർമിറ്റും സ്വയം സാക്ഷ്യപ്പെടുത്തി നടക്കുന്ന നിർമാണത്തിനുശേഷം മാത്രമാണ് പരിശോധന. അപ്പോൾ നിർമാണം ലംഘനമാണെന്ന് കണ്ടെത്തിയാൽ പൊളിക്കേണ്ടിവരും. അപ്പോൾ നഷ്ടം നിർമാണവസ്തുക്കളായ പാറ, മണൽ എന്നീ പ്രകൃതിവിഭവങ്ങൾകൂടിയാണ്.
ആ നഷ്ടം പ്രകൃതിക്കും പൊതുസമൂഹത്തിനുമാണ്. നിർമാണത്തിലെ ലംഘനങ്ങൾ മുഴുവൻ ഇടക്കിടെ ക്രമവത്കരണം നടത്തുന്നതും മൊത്തം പ്ലാനിങ്ങിനെ പൊളിക്കും. ഇതൊന്നും പരിശോധിക്കാതെയാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.