കോട്ടയം: കെ.എസ്.ആർ.ടി.സിയെ ശുദ്ധീകരിക്കാൻ നിലവിലെ വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറുടെ തസ്തിക എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് നിർദേശം. ഭരണകക്ഷി യൂനിയനുകളിലെ ഇൻസ്പെക്ടർമാരും യൂനിയനുകളോട് ആഭിമുഖ്യം പുലർത്തുന്ന ഇ.ഡി–വിജിലൻസും കോർപറേഷനിലെ അച്ചടക്ക നടപടികൾ പലപ്പോഴും അട്ടിമറിക്കുകയാണെന്നും അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും ഉന്നത റിപ്പോർട്ട് സർക്കാറിെൻറ പരിഗണനയിൽ.
നിലവിൽ വൈദ്യുതി ബോർഡിൽ വിജിലൻസിെൻറ ചുമതല പൊലീസ് വകുപ്പിൽനിന്നുള്ളവർക്കാണെന്നും ദേവസ്വം ബോർഡിലും പി.എസ്.സിയിലും ഇത്തരത്തിൽ എസ്.പി റാങ്കിലുള്ളവരെ വിജിലൻസ് ചുമതലയിൽ നിയമിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കെ.എസ്.ഇ.ബിയിൽ ചീഫ് വിജിലൻസ് ഓഫിസർ എ.ഡി.ജി.പിയാണ്. വിജിലൻസ് വിഭാഗത്തെ ശക്തമാക്കിയാൽ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട പരാതികളിൽ 80ശതമാനവും പരിഹരിക്കാനാവുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ട് വകുപ്പുമന്ത്രി മുഖേന ആഭ്യന്തര വകുപ്പിന് കൈമാറിയതായാണ് വിവരം. നിലവിൽ ജീവനക്കാർക്കെതിരായ നൂറുകണക്കിന് പരാതികളാണ് വിജിലൻസ് വിഭാഗത്തിൽ കെട്ടിക്കിടക്കുന്നത്. എന്നാൽ, ആരോപണവിധേയെൻറ യൂനിയൻ നോക്കി നടപടിയെടുക്കുന്നതിനാൽ ഗുരുതര കൃത്യവിലോപം നടത്തിയവർപോലും ശിക്ഷിക്കപ്പെടുന്നില്ല.
പരാതി ഉന്നയിച്ചവർ പ്രതിക്കൂട്ടിലാവുന്ന സ്ഥിതിയും ഉണ്ടാകുന്നു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഉന്നതർ അടക്കമുള്ളവർക്കെതിരെയും ആരോപണം ഉയർന്നാൽ അന്വേഷിക്കാനോ ശിക്ഷിക്കാനോ നിലവിലെ വിജിലൻസ് സംവിധാനത്തിന് കഴിയുന്നില്ല.
എന്നാൽ, എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനാണെങ്കിൽ മുഖംനോക്കാതെയും യൂനിയനുകളുടെ സമ്മർദത്തിന് വഴങ്ങാതെയും നടപടി എടുക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഗുരുതര ആരോപണവിധേയർപോലും രക്ഷപ്പെട്ടതിെൻറ നിരവധി ഉദാഹരണങ്ങളും സർക്കാറിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.