തിരുവനന്തപുരം: എയർകണ്ടീഷനും വൈഫെ ഇന്റർനെറ്റുമായി കെ.എസ്.ആർ.ടി.സി ബസ് യാത്ര ഇനി പ്രീമിയം ലെവലിൽ. വാങ്ങാൻ തീരുമാനിച്ച 40 വണ്ടികളിൽ 10 എണ്ണം ഓണത്തിന് മുമ്പ് നിരത്തിലിറങ്ങും. നിശ്ചിത അളവ് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. എ.സി തകരാറുണ്ടായാൽ ജനൽ തുറക്കാം. കാമറയുമുണ്ടാകും. ലഘുഭക്ഷണവും വെള്ളവും വാങ്ങാൻ സൗകര്യമുണ്ടാകും. സീറ്റ് നിറഞ്ഞാൽ പിന്നെ മറ്റ് സ്റ്റാൻഡുകളിൽ നിർത്താതെ വേഗത്തിൽ പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
20 രൂപ അധികം നൽകി റിസർവ് ചെയ്താൽ വഴിയിൽനിന്ന് കയറാനാകും. സ്റ്റാൻഡിലേക്ക് പോകേണ്ടതില്ല. ഓണസമ്മാനമായി എ.സി ബസ് നിരത്തിലിറക്കും. ഗ്രാമപ്രദേശങ്ങളിൽ സർവിസ് നടത്താൻ കൂടുതൽ ചെറിയ ബസ് വാങ്ങും.
തിരക്കുള്ള സമയങ്ങളിൽ കൂടുതൽ വണ്ടി വിടും. തിരക്കില്ലാത്തപ്പോൾ സർവിസുകളുടെ എണ്ണം കുറയ്ക്കും. നിലവിൽ ഗ്രാമീണറോഡുകളിൽ ഓടുന്ന പഴയ ബസുകൾക്ക് ഇന്ധനക്ഷമത കുറവായതിനാലാണ് പുതിയ ബസ് നിരത്തിലിറക്കുന്നത്. കൂടുതൽ ഇന്ധനക്ഷമതയുള്ളവയാണ് ചെറിയ ബസ്. ഇതിനായി 300 ചെറിയ ബസ് വാങ്ങാൻ ടെൻഡർ നടപടി പൂർത്തിയാക്കി.
ലിക്വിഡ് മണിയില്ലെങ്കിലും ഓൺലൈൻ പേമന്റായി ടിക്കറ്റെടുക്കാവുന്ന സംവിധാനവും കെ.എസ്.ആർ.ടി.സിയിൽ ഉടൻ പ്രാബല്യത്തിൽ. വിനോദ സഞ്ചാരികൾ ഉൾപ്പെടെ കൂടുതൽ പേർ പൊതുഗതാഗതം ഉപയോഗപ്പെടുത്താൻ താൽപര്യപ്പെടുന്നത് കണക്കിലെടുത്താണിത്.
മൊബൈൽ ടിക്കറ്റിങ് സൊല്യൂഷൻ സംവിധാനം നിലവിൽ വരുന്നതോടെ ബസുകളുടെ തത്സമയ ട്രാക്കിങ്, ലൈവ് പാസഞ്ചർ ഇൻഡിക്കേറ്റർ, മൊബൈൽ ടിക്കറ്റുകളും പാസുകളും, യു.പി.ഐ പേയ്മെന്റ്, കാർഡ് പേയ്മെന്റ്, നെറ്റ് ബാങ്കിങ് പേയ്മെന്റ്, വാലറ്റ് പേയ്മെന്റ്, ചലോ പേ തുടങ്ങി വിവിധ ഡിജിറ്റൽ പേയ്മെന്റ് മോഡുകൾ ബസിൽ ഉപയോഗിക്കാനാവും. കൂടാതെ എം.സി.എം.സി, ക്ലോസ്ഡ് ലൂപ് കാർഡുകളും ഉപയോഗിക്കാം. ബസുകളുടെ തത്സമയ വിവരങ്ങൾ ഉൾപ്പെടുത്തി ആപ് നടപ്പാക്കാനും പദ്ധതിയുണ്ട്. നിലവിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (ഇ.ടി.എം) ഡിജിറ്റൽ ഇടപാടുകൾക്ക് അനുയോജ്യമല്ലാത്തതിനാലാണ് പുതിയവ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.