49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30ന്;വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31ന് രാവിലെ 10ന് നടക്കും.

മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. ഉപതിരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ളോക്ക് പഞ്ചായത്ത്  നിയോജകമണ്ഡലങ്ങളിൽ  ഉൾപ്പെട്ടുവരുന്ന  ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും,  മുനിസിപ്പാലിറ്റികളിൽ അതത്  വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാനതിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) ലഭ്യമാണ്.  ജില്ലാപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നതിന് 5000 രൂപയും ബ്ളോക്ക് പഞ്ചായത്തുകളിലെയും  മുനിസിപ്പാലിറ്റികളിലെയും വാർഡുകളിൽ മത്സരിക്കുന്നതിന് 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ് നാമനിർദേശ പത്രികക്കൊപ്പം നിക്ഷേപതുകയായി  കെട്ടിവെക്കേണ്ടത്.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അവയുടെ പകുതി തുക മതിയാകും. അർഹതയുള്ള സ്ഥാനാർഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫോമിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. ജില്ലാപഞ്ചായത്ത് വാർഡിൽ 1,50,000 രൂപയും, ബ്ളോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തിലും, മുനിസിപ്പാലിറ്റി വാർഡിലും 75,000 രൂപയും, ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലത്തിൽ 25,000 രൂപയുമാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി.

വയനാട് ഒഴികെയുള്ള 13  ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത്  വാർഡിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആറ് മുനിസിപ്പാലിറ്റി വാർഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

Tags:    
News Summary - By-elections in 49 local wards will be held on July 30; the notification will be issued on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.