തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ പട്ടികജാതി വിവേചനമുണ്ടെന്ന് എസ്.സി-എസ്.ടി കമീഷൻ. പഠനവകുപ്പിലെ പട്ടികജാതിയിൽപെട്ട അധ്യാപികക്ക് വകുപ്പ് മേധാവി സ്ഥാനം വിലക്കിയത് വിവേചനപരമാണ്. അധ:സ്ഥിത വിഭാഗങ്ങൾക്കെതിരെ വിവേചനം കാണിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ സമിതികളിൽ അംഗങ്ങളാകുന്നവർ പ്രതിജ്ഞ ചെയ്യണമെന്ന ശിപാർശ കാലിക്കറ്റിൽ നടപ്പാക്കാൻ ചാൻസലർ പരിഗണിക്കണമെന്ന് എസ്.സി-എസ്.ടി കമീഷൻ അധ്യക്ഷൻ ബി.എസ്. മാവോജി നിർദേശിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ പട്ടികജാതി-വർഗ അധ്യാപകരോട് വിവേചനം നിലവിലുണ്ട്. ഡോ. ദിവ്യ എന്ന അധ്യാപിക പട്ടികജാതിയിൽ ഉൾപ്പെട്ടതുകൊണ്ട് സിൻഡിക്കേറ്റിലെ ചില അംഗങ്ങൾ അവർക്ക് ലഭിക്കേണ്ട വകുപ്പ് മേധാവി പദവി വിലക്കിയത് വിവേചനപരമാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
പഠനവകുപ്പിലെ സീനിയറായ അധ്യാപികക്ക് വകുപ്പ് മേധാവി സ്ഥാനം ലഭിക്കാൻ വ്യക്തമായ ചട്ടങ്ങൾ ഉള്ളപ്പോൾ പട്ടികജാതി വിഭാഗത്തിൽപെട്ട ഡോ. ദിവ്യക്ക് വകുപ്പ് മേധാവി നിയമനം നൽകുന്നതിന് പകരം അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത് യുക്തിരാഹിത്യവും നിയമനിഷേധവും സാമാന്യ നീതിയുടെ നിഷേധവുമാണ്.
ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാത്ത വ്യക്തികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയുടെ അധികാരങ്ങൾ കയ്യാളുന്നത് വേദനാജനകമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പരാതിക്കാരന്റെയും സർവ്വകലാശാല രജിസ്ട്രാറുടെയും വിശദീകരണങ്ങളും സർവകലാശാല രേഖകളും നേരിട്ട് പരിശോധിച്ച ശേഷമാണ് കമീഷന്റെ ഉത്തരവ്. സർവകലാശാല സിൻഡിക്കേറ്റിൽ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്രതിനിധി ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും കാലിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രാതിനിധ്യം ഉറപ്പാക്കാൻ വി.സി നടപടി സ്വീകരിക്കണമെന്ന് കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.