തൃശൂർ: കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടിക്ക് കെ.എസ്.ഇ.ബി നിർദേശം. പോസ്റ്റുകളിലെ അനധികൃത കേബിളുകൾ നീക്കാനും കേബിൾ വലിക്കൽ നിയമാനുസൃതമാക്കാനുമുള്ള അടിയന്തര നടപടിക്കാണ് ചീഫ് എൻജിനീയർമാർക്ക് നിർദേശം നൽകിയത്.
ഈ മാസം അഞ്ചിന് മുമ്പ് അനധികൃതമായവ നീക്കണം. ഒപ്പം അംഗീകൃതമായിട്ടുള്ളവ തിരിച്ചറിയാൻ കമ്പനിയുടെ പേര് കാണിച്ച് ടാഗിങ് പൂർത്തിയാക്കുകയും വേണം. അടുത്തിടെ തൂങ്ങിക്കിടന്ന കേബിളിൽ കഴുത്തുകുരുങ്ങി വിദ്യാർഥി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി ഫെബ്രുവരി 23ന് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി അടിയന്തര നടപടിക്കൊരുങ്ങുന്നത്. വിതരണ വിഭാഗം അധികൃതർ ഈ മാസം ഒന്നിനും അഞ്ചിനും നടപടിയുടെ പുരോഗതി അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
2010ലെ കേന്ദ്ര വൈദ്യുതി നിയന്ത്രണ നിയമപ്രകാരം കെ.എസ്.ഇ.ബി പോസ്റ്റുകളിൽ അനധികൃത കേബിളുകൾ വലിക്കുന്നത് നിയമവിരുദ്ധമാണ്. കരാർ ഉള്ള കേബിൾ ടി.വി ഓപറേറ്റർമാരാകട്ടെ നിയമപരമായ നിബന്ധനകൾ പലതും പാലിക്കപ്പെടുന്നില്ലെന്നും കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. കേബിളുകൾ വലിക്കുമ്പോൾ തറനിരപ്പിൽനിന്ന് നിയമാനുസൃതമായി പാലിക്കേണ്ട ഉയരം (ഗ്രൗണ്ട് ക്ലിയറൻസ്) പലപ്പോഴും പാലിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.